ഒരു പ്രളയകാലത്ത് നമ്മെ തേടി എത്തിയ സഹായ ഹസ്തങ്ങളിൽ അവരുമുണ്ടായിരുന്നു, നമ്മുടെ സ്വന്തം അയൽപക്കമായ തമിഴ്നാട്. ഗജ ചുഴലിക്കാറ്റിൽ ദുരിതത്തിലാഴ്ന്ന തമിഴ് ജനതയ്ക്ക് നമുക്കായി അവർ മുൻപ് നീട്ടിയ സ്‌നേഹം തിരികെ നൽകാൻ ഓടിയെത്തിയിരിക്കുകയാണ് കേരളം. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്ന ദുരിതബാധിതരെ സഹായിക്കാൻ സംസ്ഥാനദുരന്തനിവാരണഅതോറിറ്റിയുടെ നേതൃത്വത്തിൽ അവശ്യസാധനങ്ങങ്ങൾ എത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.ജില്ലാ കേന്ദ്രങ്ങളിൽ അവശ്യസാധനങ്ങൾ ശേഖരിക്കുന്നതിനുള്ള സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുമുണ്ട്.ദുരിത ബാധിതർക്കാവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് അതാത് കളക്ടർമാർ പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം ക്യാമ്പുകളിലേക്ക് ആവശ്യമായ മരുന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കയറ്റി അയച്ചു. പ്രത്യേക മെഡിക്കൽ ടീമും കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ട്. ഗജ ചുഴലിക്കാറ്റിൽ വൈദ്യുത മേഖലയിലാണ് കനത്ത നഷ്ടമുണ്ടായത്.
വൈദ്യുതബന്ധം താറുമാറായ മേഖലകളിൽ പുനസ്ഥാപനത്തിന് കെ.എസ്.ഇ.ബി പ്രത്യേക സംഘത്തെയാണ് അയച്ചിരിക്കുന്നത്. ഒരു ദുരന്തകാലത്ത് നമുക്ക് അരികിലേക്ക് സഹായഹസ്തവുമായി ഓടി എത്തിയവരാണ് അവിടുത്തെ ജനത. അവരെ സഹായിക്കാനുള്ള കടമ നമുക്കുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറിക്കുന്നു.