pet

 ഏറ്റവും കൂടുതൽ പമ്പുകൾ തുറക്കുന്നത് എറണാകുളത്ത് - 275

 കുറവ് മാഹിയിൽ - 5

കൊച്ചി: പെട്രോളിനും ഡീസലിനും ഡിമാൻഡേറിയ പശ്‌ചാത്തലത്തിൽ കേരളത്തിൽ (മാഹിയിൽ ഉൾപ്പെടെ) കൂടുതൽ പമ്പുകൾ തുറക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി), ഭാരത് പെട്രോളിയം (ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ) എന്നിവ തീരുമാനിച്ചു. നിലവിൽ, മൂന്നു കമ്പനികൾക്കും കൂടി 2,005 പമ്പുകൾ കേരളത്തിലുണ്ട്. പുതുതായി 1,731 പമ്പുകളാണ് തുറക്കുക.

771 എണ്ണം ഗ്രാമങ്ങളിലും 960 എണ്ണം റെഗുലർ (നഗര, അർദ്ധനഗര) മേഖലയിലുമാണ് തുറക്കുകയെന്ന് ഐ.ഒ.സി കേരള റീട്ടെയിൽ സെയിൽ മേധാവിയും ജനറൽ മാനേജരുമായ നവീൻ ചരൺ പത്രസമ്മേളനത്തിൽ പറഞ്ഞു. പമ്പുകൾ തുറക്കാൻ താത്പര്യമുള്ളവർ ഡിസംബർ 24നകം ഓൺലൈനായി അപേക്ഷിക്കണം. തുടർന്ന്, ഭൂമി ലഭ്യമാക്കുന്ന മുറയ്ക്ക് പമ്പുകൾ തുറക്കും. 21നും 60നും ഇടയിൽ പ്രായമുള്ളവരും മിനിമം പത്താംക്ളാസ് യോഗ്യതയും ഉള്ളവരായിരിക്കണം അപേക്ഷകർ. അപേക്ഷരുടെ പേരിൽ ക്രിമിനൽ കേസുകളും ഉണ്ടാവരുത്.

സ്വന്തമായി ഭൂമിയുള്ളവർക്ക് ആദ്യം ലൈസൻസ് നൽകും. നഗരങ്ങളിൽ സ്ഥലം ലഭ്യമാക്കിയാൽ പമ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ കമ്പനി നിർമ്മിച്ച് നൽകും. ഗ്രാമീണ മേഖലകളിൽ സ്റ്റാൻഡ്, ഡിസ്‌പെൻസിംഗ് യൂണിറ്റ് എന്ന കമ്പനി ലഭ്യമാക്കും. ബാക്കി സൗകര്യങ്ങൾ ഡീലർ ഒരുക്കണം.

ഇന്ത്യൻ ഡി.ജി.എം (റീട്ടെയിൽ സെയിൽസ്) വി.എം. ഹരികുമാർ, ബി.പി.സി.എൽ സ്‌റ്രേറ്റ് ഹെഡ് (റീട്ടെയിൽ) പി. വെങ്കട്ടരാമൻ, എച്ച്.പി.സി.എൽ ചീഫ് റീജിയണൽ മാനേജർമാരായ സറാബ്‌ജിത് സിംഗ്, എം.ജി. നവീൻകുമാർ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

കേരളം നമ്പർ 1

ഇന്ത്യയിൽ ഇന്ധന ഉപഭോഗത്തിൽ ഏറ്റവും മുന്നിൽ കേരളമാണ്. കേരളത്തിലെ പെർ പമ്പ് ത്രൂപുട്ട് ശരാശരി 205 കിലോ ലിറ്ററാണ്. ദേശീയ ശരാശരി 135 കിലോലിറ്രർ.

ഡീസലിനോട് പ്രിയമില്ല!

നടപ്പു സാമ്പത്തിക വർഷം ഒക്‌ടോബർ വരെ ദേശീയ തലത്തിൽ പെട്രോളിന് എട്ട് ശതമാനവും ഡീസലിന് നാല് ശതമാനവും ഡിമാൻഡുയർന്നു. കേരളത്തിൽ പെട്രോൾ വില്‌പന വളർച്ച നാല് ശതമാനം. എന്നാൽ, ഡീസലിന്റെ ഡിമാൻഡ് മൂന്നു ശതമാനം കുറഞ്ഞു. പ്രളയം, ടൂറിസം മേഖലയുടെ തളർച്ച, പെട്രോൾ വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത എന്നിവയാണ് ഡീസലിന് തിരിച്ചടിയായത്.

പുതുതായി 17,300 തൊഴിൽ

പുതുതായി തുറക്കുന്ന ഓരോ പമ്പിലും എട്ട് മുതൽ പത്തുവരെ പേർക്ക് തൊഴിൽ കിട്ടും. ലക്ഷ്യമിടുന്ന 1,731 പമ്പുകളും തുറക്കുമ്പോൾ ജോലി ലഭിക്കുക 17,300 പേർക്ക്.

₹30-75

ലക്ഷം നിക്ഷേപം

പുതിയ ഓരോ പമ്പിനും അടിസ്ഥാന സൗകര്യം ഒരുക്കാൻ ഗ്രാമീണ തലത്തിൽ 30 ലക്ഷം രൂപയും നഗരങ്ങളിൽ 40-75 ലക്ഷം രൂപയുമാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ

2,005 പമ്പുകൾ

ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്നത് 2,005 പമ്പുകൾ. 1,490 എണ്ണം നഗരങ്ങളിലും 515 എണ്ണം ഗ്രാമങ്ങളിലുമാണുള്ളത്.

771

കേരളത്തിൽ പുതുതായി ആരംഭിക്കുക 1,731 പമ്പുകൾ. 960 എണ്ണം നഗരങ്ങളിലും 771 എണ്ണം ഗ്രാമങ്ങളിലും തുറക്കും

ഡിസംബറോടെ

മൊത്തം ഓട്ടോമേഷൻ

കേരളത്തിൽ ഇന്ത്യൻ ഓയിലിന്റെ മുഴുവൻ പമ്പുകളും ഓട്ടോമേറ്റഡ് സംവിധാനമുള്ളവയാണ്. ഏത് ഇന്ധനം, എത്ര രൂപയ്ക്ക് അടിച്ചു തുടങ്ങിയ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്ന സംവിധാനമാണിത്. ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നിവയുടെ 85 ശതമാനം പമ്പുകളും ഓട്ടോമേറ്റഡാണ്. ഡിസംബറോടെ ഈ കമ്പനികളും 100 ശതമാനം നേട്ടം കൈവരിക്കും. പുതുതായി തുറക്കുന്നവയും ഓട്ടോമേറ്റഡ് ആയിരിക്കും. പെട്രോൾ, ഡീസൽ വിലകൾ ലിറ്ററിന് 100 രൂപ കടന്നാൽ, അത് ഡിസ്‌പ്ളേ ചെയ്യാനാകുമെന്ന പ്രത്യേകതയും ഈ പമ്പുകൾക്കുണ്ടാകും. നിലവിലെ മീറ്രറിൽ ₹99.99 വരെയേ കാണിക്കൂ.

ഡീലർ കമ്മിഷൻ

(ലിറ്രറിന്)

 പെട്രോൾ - ₹3.24

 ഡീസൽ - ₹2.25