balabhaskar

തിരുവനന്തപുരം: അപകട സമയത്ത് വാഹമോടിച്ചിരുന്നത് ബാലഭാസ്‌കർ തന്നെയെന്ന് സാക്ഷി മൊഴി. അഞ്ചു പേരാണ് ഇതുസംബന്ധിച്ച് പൊലീസിന് മുന്നിൽ മൊഴി നൽകിയത്. ഇതിൽ അപകടം നടക്കുമ്പോൾ ബാലഭാസ്‌കറുടെ വാഹനത്തിന് തൊട്ടു പിന്നിൽ ഉണ്ടായിരുന്ന വണ്ടിയുടെ ഡ്രൈവറുടെ മൊഴി നിർണായകമാകും. രക്ഷാ പ്രവർത്തനത്തിന് ആദ്യമെത്തിയത് ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവറാണ്. ഇയാളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴി നൽകിയവരിൽ രണ്ട് പേർ മാത്രമാണ് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കർ തന്നെയാണോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചത്.

അതേസമയം, പോസ്‌റ്റ്‌മോർട്ടം നടത്തിയ ഡോക്‌ടർമാർ അപകടസ്ഥലം സന്ദർശിച്ചു. ഡ്രൈവർ അർജുന്റെ പശ്‌ചാത്തലവും പൊലീസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മി നൽകിയ മൊഴിയിൽ അപകട സമയത്ത് കാർ ഓടിച്ചിരുന്നത് അർജുനാണെന്നായിരുന്നു. എന്നാൽ താനല്ല ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നാണ് അർജുൻ നൽകിയിരിക്കുന്ന മൊഴി.