varghese-kurien

പാലുത്‌പാദനത്തിൽ ലോകത്തിൽ ഒന്നാംസ്ഥാനമാണ് ഭാരതത്തിന്. ധവള വിപ്ലവത്തിന് നേതൃത്വം വഹിക്കുകയും ആനന്ദ് മാതൃകസഹകരണ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലൂടെ പാലുത്‌പാദനത്തിൽ ഭാരതത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കുകയും ചെയ്ത ആദരണീയനായ ഡോ.വർഗീസ്‌കുര്യന്റെ ജന്മദിനമായ നവംബർ 26 രാജ്യം ദേശീയ ക്ഷീരദിനമായി ആചരിച്ചു വരികയാണ്.

കേരളത്തെ നടുക്കിയ പ്രളയം ക്ഷീരമേഖലയെ തളർത്തിയെങ്കിലും വിവിധതരം ക്ഷീരവികസന പദ്ധതികളുടെ തോളിലേറി പാലുത്‌പാദനം സംസ്ഥാനത്ത് വർദ്ധിക്കുകയാണ്. ലോകത്തെ മൊത്തം പാലുത്‌പാദനത്തിൽ 18.5 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്. ഡോ. വർഗീസ് കുര്യൻ ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ ധവളവിപ്ലവ പദ്ധതിയായ ഓപ്പറേഷൻ ഫ്ളഡ് കാരണമാണ് ഈ വിജയഗാഥ കുറിക്കാൻ കഴിഞ്ഞത്. എന്നാൽ രാജ്യാന്തര തലത്തിൽ കൊഴുപ്പില്ലാത്ത പാൽപ്പൊടിയുടെ വില ഗണ്യമായി കുറഞ്ഞു വരുന്നത് പാൽ ഉത്‌പാദക രാജ്യമായ ഇന്ത്യയ്ക്ക് ഭീഷണിയാണ്. 2013 ൽ ടണ്ണിന് 5000 മുതൽ 5200 ഡോളർ വരെ വിലയുണ്ടായിരുന്ന സ്ഥാനത്ത്, ഇന്ന് 2000 ഡോളറിലേക്ക് വില കൂപ്പുകുത്തിയിരിക്കുന്നു. അതായത് ഒരു കിലോ കൊഴുപ്പില്ലാത്ത പാൽപ്പൊടിക്ക് ശരാശരിവില 136 രൂപ. അതേസ്ഥാനത്ത് കേരളത്തിലെ കർഷകർക്ക് ഖരപദാർത്ഥങ്ങൾക്ക് കിലോയ്ക്ക് 275.30 രൂപ ലഭിക്കുന്നുണ്ട്. രാജ്യത്ത് ലഭിക്കുന്ന ഏറ്റവും കൂടിയ വിലയാണിത്.

വിലകുറഞ്ഞ പാൽപ്പൊടി ഇന്ത്യയിലേക്ക് എത്തുന്നത് പാൽവിപണിയെ സാരമായി ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളത്തിലെ ക്ഷീരസഹകരണപ്രസ്ഥാനമായ മിൽമ, പാൽസംഭരണത്തിൽ കഴിഞ്ഞ വർഷം 16.63 ശതമാനം വളർച്ച കൈവരിച്ചപ്പോൾ വിപണനത്തിൽ 1.31 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതോടൊപ്പം ഇന്ത്യയിൽത്തന്നെ 1.7 ലക്ഷം ടൺ പാൽപ്പൊടി കെട്ടികിടക്കുകയാണ് എന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയിലെ പാലുത്‌പാദനം 2016-17 ൽ 165.4 മില്യൺ ടണ്ണിൽ നിന്ന് 2017-18 ൽ 176.35 മില്യൻ ടണ്ണിലേക്ക് വർദ്ധിച്ചിരിക്കുകയാണ്. 6.6 ശതമാനം വളർച്ചയാണ് ഈ രംഗത്ത് രാജ്യം കൈവരിച്ചത്. കേരളത്തിൽ സഹകരണമേഖലയിൽ 2016-17 ൽ 16.21 ലക്ഷം ലിറ്റർ പാൽ പ്രതിദിനം സംഭരിച്ച സ്ഥാനത്ത് 2017-18 ൽ 18.22 ലക്ഷം ആയി വർദ്ധിച്ചു. 12.43 ശതമാനം വർദ്ധനവുണ്ട്. അതായത് രാജ്യത്തെ വളർച്ചയുടെ ഏതാണ്ട് ഇരട്ടി വരും. ഇത് ശുഭ സൂചനയാണ്.

ഇതരസംസ്ഥാനങ്ങളിൽ പാലിന്റെയും പാലുല്പന്നങ്ങളുടെയും വിപണിയിലുണ്ടായ വിലയിടിവ് ക്ഷീരകർഷകരെ സാരമായി ബാധിച്ചു. അവർ ഉത്പാദിപ്പിക്കുന്ന പാലിന് മതിയായ വില ലഭിക്കാതെ വന്നു. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ സ്ഥിരവിലയും വിപണിയും ഉറപ്പുവരുത്തുന്ന ഒരു കാർഷിക ഉത്പന്നമാണ് പാൽ.

കേരളത്തിലെ പാലുത്‌പാദന വർദ്ധനവിന് അനുസരിച്ച് വിപണനവും വർദ്ധിക്കേണ്ടതുണ്ട് ഗുണനിലവാരത്തിൽ ഒട്ടുംകുറവ് വരാതെ പരമാവധി പോഷകമൂല്യങ്ങളുളള ഉത്പന്നങ്ങൾ നിർമ്മിക്കേണ്ടതും അവ ശരിയായ രീതിയിൽ വിപണനം ചെയ്യേണ്ടതും ക്ഷീരമേഖലയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. സാധാരണ ലഭ്യമാകുന്ന പാലുത്പന്നങ്ങളിൽ നിന്നും വ്യത്യസ്തമായി നമ്മുടെ ദഹന പ്രക്രിയയ്ക്കും പ്രതിരോധ ശക്തിക്കും പ്രയോജനം ചെയ്യുന്ന തൈര് ഉൾപ്പെടെയുള്ള 'പ്രോ ബയോട്ടിക്'ഉത്പന്നങ്ങൾ സഹകരണമേഖല വഴി വിപണിയിൽ ഇന്ന് ലഭ്യമാണെങ്കിലും പലരും അത്തരം ഉത്പന്നങ്ങളെപ്പറ്റി ബോധവാന്മാരല്ല.

മത്സരാധിഷ്ഠിതമായ വിപണിയിൽ നമ്മുടെ സഹകരണമേഖലയുടെ സാന്നിധ്യം നിലനിർത്തണമെങ്കിൽ ഗുണമേന്മയുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ സമയബന്ധിതമായി പാലും പാലുത്പന്നങ്ങളും അവയുടെ സ്വാഭാവിക രുചി ഒട്ടും നഷ്ടപ്പെടാതെ, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് ഏറ്റവും ചെലവ് കുറഞ്ഞ വിതരണസംവിധാനങ്ങളിലൂടെ ഉപഭോക്താക്കളിൽ എത്തിച്ചേ മതിയാവൂ. ശീതശൃംഖല നിലനിറുത്തിക്കൊണ്ട് നാടിന്റെ മുക്കിലും മൂലയിലും ഗുണനിലവാരം ഒട്ടുംതന്നെ നഷ്ടപ്പെടാതെ ഇവ വിതരണം ചെയ്യുന്നതാണ് പ്രധാന വെല്ലുവിളി. ഇത് തരണം ചെയ്യാൻ , തണുപ്പിക്കാതെ തന്നെ കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന രീതിയിൽ പാൽ സംസ്‌കരിച്ചെടുക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ ഉടൻ നടപ്പിലാക്കണം. എങ്കിൽ മാത്രമേ പാലിന്റെസംഭരണവില പിടിച്ചു നിർത്താനാവൂ.

ആഗോള വിപണിയിൽ പാൽപ്പൊടിയിലുണ്ടായ വിലയിടിവ് നമ്മുടെ രാജ്യത്തെ പാൽവിലയെ സാരമായി ബാധിച്ചു.

രാജ്യത്ത് പാൽപ്പൊടി കെട്ടികിടക്കുകയും വളരെകുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കേണ്ടതായും വന്നു. തൻമൂലം കേരളം ഒഴിച്ചുളള അന്യ സംസ്ഥാനങ്ങളിൽ പാലിന്റെ സംഭരണവില വളരെ താഴേയ്ക്ക് പോയി. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കെയാണ് നമ്മുടെ പ്രധാനമന്ത്രി വിദേശ നിർമ്മിതപാലിന്റെയും പാലുൽപന്നങ്ങളുടെയും ഇറക്കുമതി സാധ്യമാക്കുന്ന ആർ.സി.ഇ.പി കരാറുമായി മുന്നോട്ടു പോകുന്നത്. ഇത് പാൽ വിപണന മേഖലയെ സാരമായി ബാധിക്കും. വിദേശവിപണി കീഴടക്കാൻ സാധ്യമാകുന്ന രീതിയിൽ പാലുത്പന്നങ്ങളുടെഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ആധുനിക സാങ്കേതികവിദ്യയിലൂടെ കൂടുതൽ കാലം കേടാകാതിരിക്കുന്ന പാക്കറ്റ് പാലുകളുടെ ഉത്പാദനത്തിലും നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് ക്ഷീരമേഖലയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.