ന്യൂഡൽഹി: മോദിയുടെ മാതാവിനെ കോൺഗ്രസ് നേതാവ് അപമാനിച്ചു എന്ന വിവാദം കെട്ടടങ്ങും മുൻപ് അടുത്ത വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് മറ്റൊരു നേതാവ്.രാജസ്ഥാനിലെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് മോദിയുടെയും രാഹുലിന്റെയും അച്ഛന്മാരെ കോൺഗ്രസ് നേതാവ് വിലാസ്റാവു മുട്ടെംവാർ താരതമ്യം ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മോദി പ്രധാനമന്ത്രി ആകുന്നതിന് മുൻപ് ആർക്കുമറിയില്ലായിരുന്നു. ഇന്നും പ്രധാനമന്ത്രിയുടെ അച്ഛന്റെ പേര് ആർക്കുമറിയില്ല. എന്നാൽ എല്ലാവർക്കും രാഹുൽ ഗാന്ധിയുടെ അച്ഛനെ അറിയാം - രാജീവ് ഗാന്ധി. രാജീവ് ഗാന്ധിയുടെ മാതാവിന്റെ പേരും എല്ലാവർക്കും സുപരിചിതമാണ്. - ഇന്ദിരാ ഗാന്ധി. ഇന്ദിരയുടെ പിതാവോ ? പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. മോട്ടിലാൽ നെഹ്റുവാണ് ജവഹർലാൻ നെഹ്‌റുവിന്റെ പിതാവ്. രാഹുൽ ഗാന്ധിയുടെ അഞ്ച് തലമുറയെ കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ മോദിയുടെ അച്ഛനാരാ ? ആർക്കുമറിയില്ല. എന്നിട്ടാണയാൾ കണക്കും പറഞ്ഞ വരുന്നതെന്ന് വിലാസ്റാവു മുട്ടെംവാർ പറയുന്നു.
വിലാസ്റാവു മുട്ടെംവാറിന്റെ പരാമർശം വ്യാപക പ്രതിഷേധത്തിന് വഴി വച്ചിട്ടുണ്ട്. മുൻപ് മോദിയുടെ മാതാവിനെ രൂപയുടെ മൂല്യവുമായി താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാജ് ബബ്ബർ രംഗത്ത് എത്തിയതിനെ മോദി തന്നെ വിമർശിച്ചിരുന്നു. തന്റെ വൃദ്ധയായ അമ്മയെ അനാവശ്യമായി രാഷ്ട്രീയ വാഗ്വാദത്തിനായി ഉപയോഗിക്കുകയാണ്. തന്നെ അല്ലാതെ നേരിടാൻ കോൺഗ്രസിന് കഴിയില്ല എന്നാണ് മോദി പ്രതികരിച്ചത്.