പുറമേ കാണുന്ന വിധത്തിൽ ക്രമംതെറ്റി വളരുന്ന രോമങ്ങൾ ചിലരിൽ വരുത്തിവയ്ക്കുന്ന അപകർഷബോധം ചെറുതല്ല താനും.മുഖത്തും കാലുകളിലും കൈകളിലും സ്വകാര്യ ഭാഗങ്ങളിലുമൊക്കെ തിങ്ങി വളരുന്ന രോമങ്ങൾ വൃത്തിയാക്കാൻ വാക്സിംഗ് ഒരു ഫലപ്രദമായ മാർഗമാണ്. വാക്സിംഗ് എന്ന മാർഗത്തിലൂടെ താത്ക്കാലികമായി രോമവളർച്ചയെ നേരിടാവുന്നതാണ്. വാക്സിംഗ് എന്ന് കേൾക്കുമ്പോഴേ ഒരു ഞെട്ടലാണ് പലർക്കും. രോമങ്ങൾ പിഴുത് മാറ്റുന്ന വേദന. പിന്നെ ചർമ്മത്തിലുണ്ടാവുന്ന വലിച്ചിലും കുരുക്കളും. പക്ഷേ, രോമങ്ങൾ നീക്കി ചർമ്മം പട്ടു പോലെ തിളങ്ങാൻ ഇത്രയും ഫലപ്രദമായ മറ്റൊരു മാർഗവും ഇല്ലതാനും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ചർമ്മത്തിനനുയോജ്യമായ വാക്സ് തിരഞ്ഞെടുത്താൽ മതി. ശരീരത്തിലെ ഹോർമോണുകളുടെ അളവിൽ വരുന്ന വ്യത്യാസങ്ങൾ അമിത രോമവളർച്ചയ്ക്ക് കാരണമാകും. യഥാർത്ഥ കാരണം കണ്ടുപിടിച്ച് അതിന് ചികിത്സ നൽകുകയാണ് വേണ്ടത്. പാരമ്പര്യ ഘടകങ്ങളാണ് അമിത രോമവളർച്ച ഉണ്ടാക്കുന്നതെങ്കിൽ വാക്സിംഗ് വഴി അവയെ നീക്കം ചെയ്യാവുന്നതേയുള്ളൂ. രോമം വേരോടെ പിഴുതെടുക്കുന്ന എപ്പിലേഷൻ രീതിയാണ് വാക്സിംഗ്. അനാവശ്യ രോമങ്ങൾ കളയുന്നതോടൊപ്പം മൃതകോശങ്ങൾ കൂടി നീക്കം ചെയ്യപ്പെടുന്നതുകൊണ്ട് ചർമ്മത്തിന് മിനുസം കൂടും.