തിരുവനന്തപുരം: ചേർത്തല സെക്ഷനിൽ ഇലക്ട്രിക് അറ്റകുറ്റപണികളും കൊച്ചുവേളിയിലെ സിഗ്നൽ തകരാറും മൂലം സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം ഇന്നലെ താറുമാറായി. കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ജനശതാബ്‌ദി, വേണാട്, ഏറനാട്, പരശുറാം, മാവേലി, രപ്‌തിസാഗർ, ചെന്നൈ മെയിൽ, ജയന്തി, കുർള തുടങ്ങിയ ട്രെയിനുകളെല്ലാം ഇന്നലെ മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തിയത്.

തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി വൈകിയതിനാൽ വൈകിട്ട് കോഴിക്കോട്ടുനിന്നുള്ള ജനശതാബ്‌ദിയും രണ്ടുമണിക്കൂറിലേറെ വൈകി. തിരുവനന്തപുരത്തുനിന്നുള്ള ഏറനാട് മൂന്നും വേണാട് രണ്ടും ജനശതാബ്ദി ഒന്നരമണിക്കൂറും വൈകിയാണ് സർവീസ് നടത്തിയത്. ഗോരഖ് പൂരിലേക്കുള്ള രപ്തിസാഗറും മൂന്ന് മണിക്കൂർ വൈകി. ഇന്നത്തോടെ സർവീസുകൾ സാധാരണനിലയിലാകുമെന്ന് റെയിൽവേ അറിയിച്ചു.

ആലപ്പുഴയിൽ ചേർത്തലയ്ക്കും മാരാരിക്കുളത്തിനുമിടയിലാണ് ഇലക്ട്രിക് വർക്കുകൾ നടക്കുന്നത്.

ഇതുമൂലം ഗുരുവായൂർ ഇന്റർസിറ്റി, ഒന്നരമണിക്കൂറും മാവേലി, ചെന്നൈ പ്രതിവാര സൂപ്പർഫാസ്റ്റ് എന്നിവ മുക്കാൽ മണിക്കൂറും വൈകുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. എന്നാൽ കൊച്ചുവേളിയിൽ ശനിയാഴ്ച വൈകിട്ടുണ്ടായ സിഗ്നൽ തകരാർ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. വൈകിട്ട് 3 ന് തുടങ്ങിയ തകരാർ രാത്രി പത്തരയോടെയാണ് പരിഹരിക്കാനായത്.