fund

ന്യൂഡൽഹി: ഇന്ത്യയിൽ മ്യൂച്വൽഫണ്ട് പോർട്ട്‌ഫോളിയോകളുടെ എണ്ണം പുതിയ ഉയരത്തിൽ. നടപ്പുവർഷം ഒക്‌ടോബർ വരെയുള്ള കണക്കുപ്രകാരം എട്ട് കോടി മ്യൂച്വൽഫണ്ട് പോർട്ട്‌ഫോളിയോകൾ ഇന്ത്യയിലുണ്ട്. ഈ വർഷം ഏപ്രിൽ-ഒക്‌ടോബറിൽ മാത്രം പുതുതായി 77 ലക്ഷം പോർട്ട്‌ഫോളിയോകൾ ചേർക്കാൻ ഈ രംഗത്തെ കമ്പനികൾക്ക് കഴിഞ്ഞു. അസോസിയേഷൻ ഒഫ് മ്യൂച്വൽഫണ്ട്‌സ് ഇൻ ഇന്ത്യയുടെ (ആംഫി) കണക്കുപ്രകാരം 41 മ്യൂച്വൽഫണ്ട് സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്.

2018 മാർച്ചുവരെയുള്ള കണക്കനുസരിച്ച് മ്യൂച്വൽഫണ്ട് പോർട്ട്ഫോളിയോകൾ 7.13 കോടിയായിരുന്നു. 1.60 കോടി മ്യൂച്വൽഫണ്ട് അക്കൗണ്ടുകളാണ് നിലവിലുള്ളത്. 2016-17ൽ ഇത് 67 ലക്ഷവും 2015-16ൽ 59 ലക്ഷവുമായിരുന്നു. ഓരോ അക്കൗണ്ടുടമയ്‌ക്കും ഒന്നോ അതിലേറെയോ പോർട്ട്‌ഫോളിയോകളുണ്ടാകും. ചെറുകിട നിക്ഷേപകരിൽ നിന്നുള്ള റീട്ടെയിൽ നിക്ഷേപകരുടെ എണ്ണത്തിൽ മികച്ച വർദ്ധനയാണ് കാണുന്നതെന്നും അസോസിയേഷൻ വ്യക്തമാക്കി.

81,000 കോടി രൂപ നിക്ഷേപമാണ് ഈവർഷം മ്യൂചൽഫണ്ടുകളിലേക്ക് ഒഴുകിയത്. ഇതിൽ, 75,000 കോടിയും നേടിയത് ഇക്വിറ്രി സ്‌കീമുകളാണ്. അതേസമയം, കടപ്പത്രങ്ങളിലെ ഒരുവിഭാഗമായ ഇൻകം സ്‌കീമിൽ നിന്ന് ഈവർഷം 1.23 ലക്ഷം കോടി രൂപ കൊഴിഞ്ഞു. ഗോൾഡ് ഇ.ടി.എഫുകൾക്ക് 290 കോടി രൂപയും നഷ്‌ടപ്പെട്ടു.