india-vs-australia

സിഡ്നി: ആദ്യ രണ്ട് മത്സരങ്ങളിലും വിനയായി എത്തിയ മഴ ഇത്തവണ മാറി നിന്നപ്പോൾ ആസ്ട്രേലിയക്ക് മേൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയുടെ വെടിക്കെട്ട്. ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ഇതോടെ ഓരോ കളി വീതം ഇന്ത്യയും ആസ്ട്രേലിയയും ജയിച്ചതോടെ പരമ്പര സമനിലയിലായി. 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ട് പന്ത് ബാക്കി നിൽക്കേ ലക്ഷ്യം കണ്ടു.

നേരത്തെ ടോസ് ‌ജയിച്ച ആസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡിയാർസിയും(33)​ ഫി‌ഞ്ചും(28)​ ചേർന്ന് ആസ്ട്രേലിയക്ക് മികച്ച തുടക്കം നൽകി. 68 റണസായപ്പോഴാണ് ആസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത്. എന്നാൽ പിന്നീട് പതിനൊന്ന് റൺസ് കൂട്ടി ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി. പിന്നീട് അലക്സ് കാരിയും മാർക്ക് സ്റ്റോയിനിസും ചേർന്ന് ആസ്ട്രേലിയയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. ഇന്ത്യക്കായി കൃണാൽ പാണ്ഡ്യ 36 റൺസ് വഴങ്ങി 4 വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാർ രോഹിത് ശർമയും(23)​ ശിഖർ ധവാനും(41)​ ചേർന്ന് മികച്ച തുടക്കം നൽകി. എന്നാൽ 67 റൺസിൽ വച്ച് ഓപ്പണർമാർ രണ്ടു പേരെയും ഇന്ത്യക്ക് നഷ്ടമായി. വിരാട് കൊഹ്‌ലിയും(61)​ കെ.എൽ രാഹുലും(14)​ ചേർന്നതോടെ ഇന്ത്യയുടെ ബാറ്റിംഗിന് താളം കൈവന്നു. എന്നാൾ 108 റൺസിൽ നിൽക്കേ അടുപ്പിച്ച് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടതോടെ മത്സരത്തിൽ ഇന്ത്യക്ക് മേൽക്കൈ നഷ്ടമായെന്ന തോന്നലുണ്ടായെങ്കിലും ദിനേഷ് കാർത്തിക്കും(22)​ കൊഹ്‌ലിയും ചേർന്ന് കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടാതെ ഇന്ത്യ വിജയതിരത്തെത്തിച്ചു.

രണ്ടാമത്തെ മത്സരം സമനിലയിൽ പിരിഞ്ഞതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഡിസംബർ ആറിന് അഡ്ലെയ്ഡിൽ തുടങ്ങും.