വെമ്പായം : നാട്ടിലാകെ പകർച്ചവ്യാധികൾ താണ്ഡവമാടാൻ സാഹചര്യമൊരുക്കി കന്യാകുളങ്ങര ചന്ത. ജില്ലയിലെ വിവിധ ഇടങ്ങളിൽ രോഗഭീഷണി നിലനിൽക്കെ, മാലിന്യകൂനയായി മാറിയ ചന്തയുടെ ദുസ്ഥിതി കണ്ടില്ലെന്ന് നടിച്ച് അധികൃതർ. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് നാട്ടുകാരും ചന്തയിലെ കച്ചവടക്കാരും.
സാധനങ്ങൾ വാങ്ങാനും വിൽക്കാനുമായി ദിവസേന നൂറ് കണക്കിനാളുകളെത്തുന്ന കന്യാകുളങ്ങര മാർക്കറ്റിൽ, കാലെടുത്തു വയ്ക്കണമെങ്കിൽ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്. ചന്തയുടെ അകത്തേക്കുള്ള പ്രധാന വഴിയുടെ ഇടതുവശത്ത് മാലിന്യം കൂടി കിടന്ന് പുഴുവരിച്ച നിലയിലാണ്. ഈച്ചയും മറ്റ് പ്രാണികളും ഇവിടെ വിഹരിക്കുന്നു. മാർക്കറ്റിലേക്കുള്ള നടവഴിയിലാകട്ടെ, അഴുകിയ മാലിന്യം ഒഴുകി പരന്നിരിക്കുന്നു. ഇതിന് മുകളിലൂടെ നടന്നാലേ മാർക്കറ്റിനുള്ളിലെത്താനാകൂ.
മാണിക്കൽ, വെമ്പായം പഞ്ചായത്തുകളുടെ അതിർത്തിയിലാണ് കന്യാകുളങ്ങര പബ്ളിക് മാർക്കറ്റ് സ്ഥിതിചെയ്യുന്നത്.
മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന അറവുശാലയുടെ ഗതി ഇതിലും ദയനീയമാണ്. അറവ് മാലിന്യങ്ങൾ സമീപത്തെ സ്വകാര്യവസ്തുവിലേക്കാണ് വലിച്ചെറിയുന്നത്. അത് കാക്കയും മറ്റ് പക്ഷികളും കൊത്തിവലിച്ച് പരിസരമാകെ പരത്തുന്നു. മാർക്കറ്റിന്റെ ശുചീകരണത്തിനായി ദിവസക്കൂലി അടിസ്ഥാനത്തിൽ ആളെ നിയമിച്ചിട്ടുണ്ടെങ്കിലും ശരിയായി വൃത്തിയാക്കൽ മാത്രം നടക്കുന്നില്ല.
എച്ച് വൺ എൻ വൺ ഉൾപ്പെടെ പനി പടർന്ന് പിടിക്കുകയും നിരവധി മരണങ്ങൾ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക ജാഗ്രതാ നിർദ്ദേശം ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയിരിക്കെയാണ് ഇവിടെ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം ശുചീകരണ പ്രവർത്തനങ്ങൾ ഉഴപ്പുന്നത്. മാർക്കറ്റിൽ നിന്ന് മാലിന്യം നീക്കി ക്ളോറിനേഷൻ ചെയ്‌തില്ലെങ്കിൽ രോഗങ്ങൾ പടർന്ന് പിടിക്കാൻ സാദ്ധ്യത ഏറെയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.