കടയ്‌ക്കാവൂർ: തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനായ കടയ്ക്കാവൂരിലെ പാർക്കിംഗ് ഏരിയയിൽ ലക്ഷക്കണക്കിന് രൂപ വിലയുള്ള വാഹനങ്ങൾ മഴയും വെയിലുമേറ്റ് നശിക്കുന്നു. നൂറ്കണക്കിന് യാത്രക്കാർ ദിനവും വന്നുപോകുന്ന റെയിൽവേ സ്റ്റേഷനിൽ മേൽക്കൂരയുള്ള പാർക്കിംഗ് ഷെഡ് ഇല്ലാത്തതാണ് ഈ ദുരിതത്തിന് കാരണം. ഒാഫീസുകളിലും മറ്റും പോകുന്നവർ രാവിലെ പാർക്ക് ചെയ്യുന്ന വാഹനം തിരിച്ചെടുക്കുന്നത് വൈകിട്ടോ രാത്രിയോ ആയിരിക്കും. പാർക്കിംഗ് ഏരിയാ ഇല്ലാത്തതിനാൽ യാത്രക്കാർ സ്റ്റേഷന്റെ പലഭാഗങ്ങളിലായിട്ടാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മഴയും വെയിലുമേറ്റ് വാഹനങ്ങൾ നശിക്കുമെന്ന് ഭയമുള്ളവർ സമീപത്തെ മരങ്ങളുടെ കീഴിലോ കടകളോട് ചേർന്നോ വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. ഈ അനധികൃത പാർക്കിംഗ് മൂലമുള്ള പൊല്ലാപ്പുകൾ വേറെ.
നിലവിലെ പാർക്കിംഗ് ഏരിയാ വലുതാക്കി മേൽക്കൂരയോടു കൂടിയുള്ള പാർക്കിംഗ് ഷെഡ് നിർമ്മിച്ചാൽ കൂടുതൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനും അനധികൃത പാർക്കിംഗ് ഇല്ലാതാക്കാനും സാധിക്കും. ഇതുവഴി വരുമാനവും വർദ്ധിപ്പിക്കാം.
പാർക്കിംഗ് ഏരിയാ കഴിഞ്ഞാൽ വക്കത്തേക്ക് പോകുന്ന റോഡാണുള്ളത്. വലിയ രണ്ട് വാഹനങ്ങൾ എതിർദിശയിൽ വന്നാൽ കടന്നുപോകാൻ കഴിയാത്തത്ര ഇടുങ്ങിയ റോഡാണിത്. ഫയർ എൻജിനോ ആംബുലൻസോ പോലും കടന്നുപോകാൻ കഴിയാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. വൈകിട്ട് 5നും രാത്രി 7.30നും ഇടയിൽ നാലോളം ട്രെയിനുകൾ ഇവിടെ നിറുത്താറുണ്ട്. ഇതിൽ വന്നിറങ്ങുന്ന യാത്രക്കാർ വേഗത്തിൽ ബസിൽ കയറാനും വീടുകളിലെത്താനും ശ്രമിക്കുന്നതിനൊപ്പം പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ കൂട്ടത്തോടെ കടന്നു പോകുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ സമയം പൊലീസിന്റെയും റെയിൽവേ അധികൃതരുടെയും ശ്രദ്ധ അടിയന്തരമായി ഉണ്ടാകണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.