ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ട് വെച്ച ബ്രെക്‌സിറ്റ് ഉടമ്പടിക്ക് യൂറോപ്യൻ യൂണിയന്റെ അംഗീകാരം ലഭിച്ചു. 18 മാസങ്ങൾ നിണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് യൂണിയന്റെ അംഗീകാരം ലഭിച്ചത്. ബ്രസൽസിൽ ചേർന്ന യോഗത്തിൽ 27 അംഗ രാജ്യങ്ങളും ഉടമ്പടി അംഗീകരിച്ചതായി യൂറോപ്യൻ കൗൺസിൽ തലവൻ ഡോണൾഡ് ടസ്‌ക് അറിയിച്ചു. ഇടഞ്ഞുനിന്ന സ്‌പെയിനും വഴങ്ങിയതോടെ അവസാന യോഗം ഒരു മണിക്കൂർ താഴെ മാത്രമാണ് നീണ്ടത്. സ്‌പെയിനിന്റെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ട് കഴിഞ്ഞു.
അതുകൊണ്ടുതന്നെ ബ്രെക്‌സിറ്റിന് അനുകൂല നിലപാടായിരിക്കും സ്‌പെയിൻ എടുക്കുന്നതെന്ന് സ്‌പാനിഷ് പ്രധാനമന്ത്രി സാൻചെസ് പറഞ്ഞു. എന്നാൽ, ബ്രിട്ടീഷ് പാർലമെന്റ് കൂടിച്ചേർന്ന് ഉടമ്പടി അംഗീകരിച്ചാൽ മാത്രമേ ബ്രക്‌സിറ്റ് നടപ്പാകുകയൊള്ളൂ. കരാർ എതിർക്കുമെന്ന് തെരേസ മേയുടെ കൺസർവേറ്റീവ് പാർട്ടിയിൽപ്പെട്ട ചില എം.പിമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉടമ്പടിക്ക് ബ്രിട്ടീഷ് ജനതയുടെ പിന്തുണ തേടി പ്രധാനമന്ത്രി തെരേസ മേ രാഷ്ട്രത്തെ അഭിസംബോധന ചെയ്‌ത് കത്തയച്ചു. രാജ്യതാൽപര്യം മുൻനിർത്തിയാണ് കരാർ തയ്യാറാക്കിയിരിക്കുന്നതെന്ന് തെരേസ മേ കത്തിൽ വിശദീകരിക്കുന്നു.