ന്യൂഡൽഹി : മോദി വരും പോകും. എന്നാൽ രാജ്യം ശാശ്വതമായിരിക്കുമെന്നും, നമ്മുടെ സംസ്‌കാരം അനശ്വരമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ റേഡിയോ പ്രക്ഷേപണ പരമ്പരയായ മൻ കി ബാത്തിന്റെ 50-ാം എപ്പിസോഡിൽ രാഷ്ട്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
മൻ കി ബാത്ത് ആംരഭിച്ചപ്പോൾ തന്നെ ഇതിൽ രാഷ്ട്രീയം ഉണ്ടാകരുതെന്നും ഇത് സർക്കാരിനെയോ തന്നയോ വാഴ്ത്തിപ്പാടാൻ ഉപയോഗിക്കരുതെന്നും തീരുമാനിച്ചിരുന്നു. ഈ തീരുമാനം നടപ്പാക്കാനുള്ള ശക്തി തനിക്കുനൽകിയത് ജനങ്ങളായിരുന്നു. മൻ കി ബാത്ത് പറയുന്നത് സർക്കാരിനെക്കുറിച്ചല്ല. 130 കോടി ജനങ്ങളെക്കുറിച്ചാണ്. മൻ കീ ബാതിലെ ശബ്ദം മാത്രമേ തന്റേതായുള്ളൂ അതിലെ വികാരങ്ങളും ഭാവങ്ങളും ഇന്ത്യയിലെ ജനങ്ങളുടേതാണെന്നു മോദി കൂട്ടിച്ചേർത്തു. .
ഇന്ത്യ പാക് അതിർത്തി വഴി കടന്നുപോകുന്ന ദേരാ ബാബാ നാനാക്ക്-കർതാർപൂർ സാഹിബ് റോഡ് ഇടനാഴിയെപ്പറ്റിയും പ്രഭാഷണത്തിൽ മോദി പരാമർശിച്ചു. കർതാർപൂർ ഇടനാഴി രാജ്യത്തിന് സമർപ്പിച്ചതിലൂടെ സുപ്രധാനമായ ഒരു ചുവടുവയ്പാണ് സർക്കാർ നടത്തിയിരിക്കുന്നത്. ഇന്ത്യക്കാർക്ക് എളുപ്പത്തിൽ പാകിസ്ഥാനിലെ കർതാർപൂരിലേക്ക് പോകാനും ഗുരു നാനാക്കിന്റെ വിശുദ്ധ സ്ഥലം സന്ദർശിക്കാനും കഴിയുമെന്നും മോദി പറഞ്ഞു.
സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തിലും താൻ എന്തുകൊണ്ട് റേഡിയോ ഒരു മാദ്ധ്യമമായി തിരഞ്ഞെടുത്തുവെന്നും മോദി വ്യക്തമാക്കി. മൻ കി ബാത്ത് ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ച മാദ്ധ്യമങ്ങൾക്കും മോദി നന്ദി പറഞ്ഞു.