nin

സ്‌പോർട്‌സ് ബൈക്ക് വില്‌പനയിൽ ഇന്ത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ബ്രാൻഡാണ് കവാസാക്കി നിൻജ. ഈയിനം ബൈക്കുകളുടെ ലോകത്തേക്ക് ആദ്യമായി എത്തുന്നവരെ ലക്ഷ്യമിട്ട് അവതരിപ്പിച്ച നിൻജ 300ന് ഗംഭീര സ്വീകരണമാണ് ഇന്ത്യയിൽ ലഭിച്ചത്. ഇക്കഴിഞ്ഞ സെപ്‌തംബറിൽ മാത്രം വില്‌പന വളർന്നത് 600 ശതമാനമാണ്. നിൻജ 300ന് ലഭിച്ച പിന്തുണയുടെ കരുത്തിൽ കവാസാക്കി പരിചയപ്പെടുത്തുന്ന പുത്തൻ മോഡലാണ് നിൻജ 400.

നിൻജയുടെ വിഖ്യാത മോഡലുകളായ നിൻജ എച്ച് 2, സെഡ്.എക്‌സ് - 10ആർ എന്നിവയിൽ നിന്ന് കടമെടുത്ത ചേരുവകൾ കൂടിച്ചേർത്താണ് നിൻജ 400ന്റെ രൂപകല്‌പന. കൂർത്ത ഫെയറിംഗുകൾ എച്ച് 2വിനെ അനുസ്‌മരിപ്പിക്കും. ഇരട്ട എൽ.ഇ.ഡി ഹെഡ്‌ലാമ്പ് ബൈക്കിന് ശൗര്യം നിറഞ്ഞ മുഖഭാവവും നൽകുന്നു. സ്‌പോർട്ടീ ലുക്ക് ഉറപ്പാക്കാനായി, കറുപ്പഴക് കൂടി മനോഹരമായി ചാലിച്ചാണ് വശങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. തിളക്കമേറിയ പച്ച, മഞ്ഞ സ്‌റ്റിക്കറുകളും ഭംഗിയാണ്. ഇസെഡ്-എക്‌സ് 10 ആറിലേതിന് സമാനമാണ് പിന്നിലെ ട്രയാംഗുലർ ടെയ്‌ൽ ലാമ്പ്.

അലോയ്‌വീലുകളും ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കുകളും കൂടിച്ചേർത്ത്, കവാസാക്കി റേസിംഗ് ടീം കളർ സ്‌കീം നൽകി ആകർഷകമായി ഒരുക്കിയ നിൻജ 400ന്റെ ഭംഗി ഏവരുടെയും മനം കവരുമെന്നത് ഉറപ്പ്. ഡിജിറ്റലും അനലോഗം സംഗമിക്കുന്നതാണ് ഇൻസ്‌ട്രുമെന്റ് പാനൽ. അനലോഗ് ടാക്കോമീറ്രറും എൽ.സി.ഡി ഡിസ്‌പ്ളെയും 'പ്രീമിയം ഫീൽ" ആണ് നൽകുന്നത്. ഉയരമേറിയ ഇന്ധനടാങ്ക്, റേസിംഗ് സ്‌റ്രൈൽ റൈഡിംഗ് പൊസിഷൻ എന്നിവയും മികവാണ്.

10,000 ആർ.പി.എമ്മിൽ 49 പി.എസ് കരുത്തും 8,000 ആർ.പി.എമ്മിൽ മാക്‌സിമം 38 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ളതാണ് പുതിയ 399 സി.സി., പാരലൽ-ട്വിൻ, ലിക്വിഡ് കൂൾഡ് എൻജിൻ. ആറാം ഗിയറിൽ മണിക്കൂറിൽ 40 മുതൽ 120 കിലോമീറ്റർ വരെ സ്‌പീഡ്, സുഗമമായി നിയന്ത്രിക്കാൻ കഴിയുന്നവിധമാണ് റൈഡിംഗ് ഒരുക്കിയിരിക്കുന്നത്. ഇത്, നഗര നിരത്തുകളിൽ ഏറെ പ്രയോജനം ചെയ്യും. 140 എം.എം ഗ്രൗണ്ട് ക്ളിയറൻസും മികവാണ്. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗം കൈവരിക്കാൻ 2.45 സെക്കൻഡ് മതി. 5.4 സെക്കൻഡിനകം 100 കിലോമീറ്റർ വേഗവും നിൻജ 400 കൈവരിക്കും. നിൻജ 400ന് 4.69 ലക്ഷം രൂപയാണ് ഡൽഹി എക്‌സ്‌ഷോറൂം വില.