ന്യൂഡൽഹി: 2007ൽ രാജ്യത്ത് ഏറെ കോളിളക്കങ്ങൾ സൃഷ്‌ടിച്ച അജ്‌മീർ ദർഗ സ്‌ഫോടനക്കേസിൽ ബോംബുകളെത്തിച്ച മലയാളി സുരേഷ് നായർ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സുരേഷ് നായർ നർമദ നദീതീരത്തെ തീർത്ഥാടന സ്ഥലത്തേക്ക് പോകുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മൂന്ന് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ സ്‌ഫോടക വസ്‌തുക്കൾ എത്തിച്ചത് സുരേഷ് നായരാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കേസിലെ പ്രധാന പ്രതിയായ സുരേഷ് നായരെ പിടികൂടാൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കേസിൽ സന്ദീപ് ദാങ്കേ, രാമചന്ദ്ര എന്നിവരെ ഇനിയും പിടികൂടാനുണ്ട്. അതേസമയം, കേസിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് ആരോപിച്ച സ്വാമി അസിമാനന്ദയെ സംശയത്തിന്റെ ആനുകൂല്യം നൽകി 2017ൽ ജയ്പൂരിലെ എൻ.ഐ.എ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പുറമെ ഹർഷദ് സോളങ്കി, ലോകേഷ് ശർമ, മെഹുൽ കുമാർ, മുകേഷ് വസാനി, ഭരത് ഭായ്, ചന്ദ്രശേഖർ എന്നിവരയും കോടതി കുറ്റവിമുക്തരാക്കി. എന്നാൽ യു.എ.പി.എ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ നടത്തിയ മൂന്ന് പേർക്ക് കോടതി ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്‌തു.