editorial-letter

സ്വകാര്യ എയ്ഡഡ് മാനേജർമാർ, ദീർഘകാലത്തേക്ക് ജോലി ഉറപ്പുനൽകി പണം വാങ്ങി നിയമിച്ച ശേഷം, ആ ജോലി ഇല്ലാതായി കഴിഞ്ഞാലും സർക്കാർ മേഖലയിലേക്ക് സ്വീകരിച്ച് സർക്കാർ തുടർന്നും ശമ്പളം നൽകുന്ന രീതിയാണല്ലോ പ്രൊട്ടക്ഷൻ എന്ന ഓമനപ്പേരിൽ വിളിക്കുന്ന പിൻവാതിൽ നിയമനം.

ഈ ജനവിരുദ്ധ സമ്പ്രദായത്തിന് എതിരേ യുവജനങ്ങളും പൊതുസമൂഹവും നിലപാടെടുക്കുമ്പോൾ, ഇതിന്റെ സാമ്പത്തികനേട്ടം അനുഭവിക്കുന്നവരും അവർക്കായി നിലകൊള്ളുന്ന സംഘടനകളും ഈ രീതി തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അഭ്യസ്തവിദ്യരുടെ തൊഴിൽ സ്വപ്നങ്ങൾ തകർക്കുന്ന ഈ പിന്തിരിപ്പൻ രീതി തുടരാനാണ് നീക്കമെങ്കിൽ എല്ലാ മേഖലയിലും വ്യാപിപ്പിക്കണം.

സ്വകാര്യ ബസിൽ ജോലി ഇല്ലാതാവുന്നവർക്ക് സർക്കാർ ബസിലും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്ക് സർക്കാർ ആശുപത്രിയിലും ജോലി നൽകണം. അതുപോലെ സാമ്പത്തിക സ്ഥാപനങ്ങൾ, കടകൾ, നിർമ്മാണ ജോലികൾ, കൂലിപ്പണി തുടങ്ങിയ എല്ലാ രംഗത്തും പ്രൊട്ടക്ഷൻ നൽകണം.

ജോഷി ബി. ജോൺ

മണപ്പള്ളി, കൊല്ലം