bjp-candidate-

ശ്രീനഗർ: മുൻ സൈനിക ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞു കൊന്നുവെന്ന കുറ്റത്തിന് ജമ്മു കാശ്‌മീരിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ദോദ ജില്ലയിലെ ജോറ പഞ്ചായത്തിൽ സർപഞ്ച് ആയി മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥി റഹ്‌മത്തുള്ള ബട്ട് ആണ് പിടിയിലായത്. തിരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ ഇയാളുടെ അനുയായികൾ നടത്തിയ കല്ലേറിൽ ആർമി ക്യാപ്‌ടൻ ആയിരുന്ന മുഹമ്മദ് ഹഫീസാണ് കൊല്ലപ്പെട്ടത്.

എതിർ സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ കഞ്ചൻ ചാന്ദലിന്റെ വിജയം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് ബട്ടിന്റെ നേതൃത്വത്തിലുള്ള സംഘം തെരുവിലിറങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ബട്ടിന്റെ അനുയായികളായ നാല് പേരെക്കൂടി പിടികൂടിയിട്ടുണ്ടെന്നും കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നും പൊലീസ് അറിയിച്ചു. ബട്ടിന്റെ അനുയായികൾ നടത്തിയ അക്രമത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. വോട്ടെണ്ണൽ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യൽ പൊലീസ് ഓഫീസർ ഹൊഷിയാർ സിംഗ്, ധീരജ് കുമാർ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ക്യാപ്‌ടന്റെ മൃതദേഹവുമായി ബന്ധുക്കൾ റോഡ‌് ഉപരോധിച്ചത് മണിക്കൂറുകളോളം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്‌ടിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.