ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സി.കെ. ജാഫർ ഷെരീഫ് അന്തരിച്ചു. 85 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാറിൽ കയറുന്നതിനിടെ കുഴഞ്ഞുവീണ് ദിവസങ്ങൾക്കു മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പേസ്‌മേക്കർ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കവെ വീണ്ടും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
1991-95 കാലഘട്ടത്തിൽ നരസിംഹറാവു മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായിരുന്നു അദ്ദേഹം. കർണാടകയിലെ ചിത്രദുർഗയിലെ ചല്ലകെരെയിൽ 1933ലാണ് ജനനം. കർണാടക സ്വദേശിയായ ജാഫർ നിജലിംഗപ്പയടെ അനുയായിയായാണ് രാഷ്ട്രീയത്തിൽ എത്തിയത്. ഏഴ് തവണ പാർലമെന്റ് അംഗമായിരുന്നു. 1969ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിര വിഭാഗത്തിനൊപ്പം നിന്നു. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്ന് ബി.ജെ.പിയുടെ ചന്ദ്രഗൗഡയെ പരാജയപ്പെടുത്തി.
എം.പി ഫണ്ടിൽ നിന്ന് ഏറ്റവും കൂടുതൽ തുക ജനക്ഷേമത്തിനായി അനുവദിച്ച പാർലമെന്റംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.
റെയിൽവേ മന്ത്രിയായിരിക്കെ രാജ്യത്തെ തീവണ്ടിപ്പാളങ്ങളുടെ ഗേജ് മാറ്റത്തിൽ സുപ്രധാന പങ്കുവഹിച്ചു. കർണാടകത്തിലെ റെയിൽവേ വികസനത്തിന് നേതൃത്വം നൽകി. ബംഗളൂരുവിൽ റെയിൽവേ വീൽ ആൻഡ് ആക്‌സിൽ പ്ലാന്റ് സ്ഥാപിക്കപ്പെട്ടതും അദ്ദേഹത്തിന്റെ പരിശ്രമത്തെ തുടർന്നാണ്.