pic

ബംഗളൂരു: ജി.എസ്.ടിയും റിയൽ എസ്‌റ്രേറ്ര് റെഗുലേറ്രറി അതോറിറ്റി (റെറ) ചട്ടങ്ങളും സൃഷ്‌ടിച്ച ആഘാതത്തിൽ നിന്ന് രാജ്യത്തെ റിയൽ എസ്‌റ്രേറ്ര് രംഗം കരകയുന്നതായി റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ സെപ്‌തംബർ വരെയുള്ള കണക്കനുസരിച്ച് ഭവന വില്‌പനയിൽ 40 ശതമാനം വളർച്ചയുണ്ടായെന്ന് പ്രമുഖ റിയൽ എസ്‌‌റ്രേറ്ര് സേവന ദാതാക്കളായ ജെ.എൽ.എൽ ഇന്ത്യ അഭിപ്രായപ്പെട്ടു. പുതിയ പദ്ധതിയുടെ ലോഞ്ചിംഗിലും ഉണർവുണ്ട്.

ചരക്ക് - സേവന നികുതി (ജി.എസ്.ടി), റെറ, ബിനാമി പ്രോപ്പർട്ടീസ് പ്രിവൻഷൻ ആക്‌ട്, ബാങ്കിംഗ് തട്ടിപ്പുകാരെ പിടികൂടാനുള്ള ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌റ്ര്‌സി കോഡ് എന്നിവ പ്രാബല്യത്തിൽ വന്നത് കഴിഞ്ഞവർഷം വില്‌പനയെയും പുതിയ പദ്ധതികളുടെ ലോഞ്ചിംഗിനെയും ബാധിച്ചിരുന്നു. എന്നാൽ, ഈ ചട്ടങ്ങൾ സംബന്ധിച്ച ആശങ്കകൾ വിട്ടകന്നുവെന്നും രാജ്യത്തെ മുൻനിര നഗരങ്ങളിൽ ഭവന വില്‌‌പന വൻ നേട്ടമാണ് രേഖപ്പെടുത്തുന്നതെന്നും ജെ.എൽ.എൽ ഇന്ത്യ സൂചിപ്പിച്ചു. ഹൈദരാബാദിൽ ഭവന വില്‌പന വളർച്ച ഈവർഷം 277 ശതമാനമാണ്. കൊൽക്കത്തയിൽ 230 ശതമാനവും ഉയർന്നു.

ചെന്നൈ 77 ശതമാനവും രാജ്യ തലസ്ഥാനം ഉൾപ്പെടുന്ന മേഖല (എൻ.സി.ആർ) 53 ശതമാനവും പൂനെ 19 ശതമാനവും ബംഗളൂരു 12 ശതമാനവും മെച്ചപ്പെട്ടു. പുതിയ പദ്ധതികളുടെ അവതരണത്തിൽ കൊൽക്കത്ത കുറിച്ച വളർച്ച 325 ശതമാനമാണ്. ചെന്നൈ 289 ശതമാനവും എൻ.സി.ആർ 152 ശതമാനവും വളർച്ച കുറിച്ചു. ബംഗളൂരുവിന്റെ വളർച്ച 101 ശതമാനവും ഹൈദരാബാദിന്റെ കുതിപ്പ് 82 ശതമാനവുമാണ്. പൂനെ പുതിയ ലോഞ്ചിംഗിൽ മൂന്ന് ശതമാനം മാത്രമാണ് മുന്നേറിയത്.