kashmir

ശ്രീനഗർ: ദക്ഷിണ കാശ്മീരിലെ ഷോപിയാനിൽ ഇന്നലെ രാവിലെയുണ്ടായ ഏറ്രുമുട്ടലിൽ ആറ് ഭീകരരെ സൈന്യം വധിച്ചു. ഒരു ജവാൻ വീരമൃത്യു വരിച്ചു. നാട്ടുകാരായ മൂന്നുപേർക്കും പരിക്കേറ്റു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്നെത്തിയ സൈന്യം ആറുപേരെയും വധിക്കുകയായിരുന്നു. ഓപറേഷൻ അവസാനിച്ചതായി കരസേനയുടെ ശ്രീനഗർ വക്താവ് അറിയിച്ചു. കരസേനയുടെ 44 രാഷ്ട്രീയ റൈഫിൾസിന്റെ നേതൃത്വത്തിലാണ് ഷോപിയാനിലെ ബത്ഗുണ്ട്- കപ്രാൻ മേഖലയിൽ ഓപറേഷൻ നടത്തിയത്. ലഷ്കർ ഭീകരൻ മുഷ്താക് അഹമ്മദ് മിർ, ഹിസ്ഹുൾ ഭീകരൻ അബ്ബാസ് അലി, സൈഫുള്ള എന്ന വസീം വഗായ് , ഒമർ മജീദ് ഗനി, ഖാലിദ് ഫറൂഖ് എന്നിവരും പാകിസ്ഥാനിൽ നിന്നുള്ള മറ്റൊരു ഭീകരനെയുമാണ് സൈന്യം വകവരുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്. സൈനിക ഓപറേഷനെ തുടർന്ന് ഷോപിയാനിലെ കർപനിൽ വിഘടനവാദികൾ പ്രക്ഷോഭം സംഘടിപ്പിച്ചു. കഴി‌ഞ്ഞ ദിവസം കാശ്മീരിൽ ആറ് ലഷ്കർ ഭീകരരെ സൈന്യം വധിച്ചതിനു പിന്നാലെയാണ് പുതിയ ഏറ്റുമുട്ടൽ.