guru
guru

കോഴിക്കോട് :എസ്.എൻ.ഡി.പി യോഗം മാവൂർ യൂണിയന്റെ ഗുരുമന്ദിരം ആക്രമിച്ചു. ചില്ലുകൾ തകർത്തു. ശനിയാഴ്ച രാത്രി 10.15നായിരുന്നുസംഭവം. ശബ്ദം കേട്ട് നാട്ടുകാരും യോഗം പ്രവർത്തകരും എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു.

ഗുരുമന്ദിരത്തിന് തൊട്ടടുത്തുള്ള മാവൂർ യൂണിയൻ ഓഫീസിൽ രാത്രി 9.30 വരെ യോഗം പ്രവർത്തകരുണ്ടായിരുന്നു. പ്രദേശത്തെ പറ്റി കൃത്യമായ ധാരണയുള്ളവരാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ശബ്ദം കേട്ട് ആളുകൾ ഓടിയെത്തിയതു കൊണ്ടാണ് യൂണിയൻ ഓഫീസിന് നേരെ ആക്രമണം നടക്കാതിരുന്നതെന്ന് കരുതുന്നു. ചില്ല്മേട പൂർണമായും തകർന്നിട്ടുണ്ട്. നാല് വർഷമായി യൂണിയൻ ഓഫീസും ഗുരുമന്ദിരവും ഇവിടെ പ്രവർത്തിച്ച് വരുകയാണ്. ഇത്തരമൊരു സംഭവം ആദ്യമായാണ്. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് യോഗംപ്രവർത്തകരും പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളും സ്ഥലം സന്ദർശിച്ചു. ഇന്ന് മാവൂർ യൂണിയൻ പ്രതിഷേധപ്രകടനം നടത്തും.

 അക്രമികളെ ശിക്ഷിക്കണം: മാവൂർ യൂണിയൻ

ഗുരുമന്ദിരത്തിന് നേരെ അക്രമം നടത്തിയവരെ നിയമത്തിന് മുമ്പിൽ കൊണ്ടു വരണമെന്ന് എസ്.എൻ.ഡി.പി യോഗം മാവൂർ യൂണിയൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.സി അശോകൻ, വൈസ് പ്രസിഡന്റ് കുഴിമയിൽ ഭാസ്ക്കരൻ, ശാഖാ പ്രസിഡന്റ് ഹരിദാസ്, സുരേഷ് താണിക്കൽ, ബാബു പൂവാട്ടു പറമ്പ് എന്നിവർ പ്രതിഷേധിച്ചു.

 ബി.ഡി.ജെ.എസ് പ്രതിഷേധിച്ചു

മാവൂർ ഗുരുമന്ദിരത്തിന് നേരെയുള്ള അക്രമം ആസൂത്രിതമാണോയെന്ന് അന്വേഷിക്കണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാട്, ട്രഷറർ സതീഷ് കുറ്റിയിൽ, രാജേഷ് മാങ്കാവ്, കെ.പി. രാജീവൻ എന്നിവർ സ്ഥലം സന്ദർശിച്ചു.