മഞ്ചേശ്വരം : “തലയ്ക്ക് വെളിവില്ലാത്ത ജഡ്‌ജിമാരുടെ എല്ലാ വിധിയും നടപ്പിക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് എം.എൽ.എ പി.കെ. ബഷീർ. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച വിധി പുറപ്പെടുവിച്ച സുപ്രിംകോടതി ജഡ്ജിമാർക്കെതിരെയാണ് വിവാദ പരാമർശവുമായി പി.കെ. ബഷീർ എം.എൽ.എ രംഗത്തെത്തിയത്.
മഞ്ചേശ്വരത്ത് യൂത്ത് ലീഗ് യുവജന യാത്രയുടെ വേദിയിലായിരുന്ന പി.കെ. ബഷീറിന്റെ വിവാദ പ്രസംഗം. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചത് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ഭരണഘടനാ ബെഞ്ചാണ്.
കെ.എം. ഷാജിയെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കോടതി വിധിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ കളളക്കളി മുസ്ലിം ലീഗ് പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലവിളി പ്രസംഗത്തിൽ പി.കെ.ബഷീർ എം.എൽ.എയ്ക്ക് എതിരെ പൊലീസ് അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ അന്വേഷണം നിലനിൽക്കവെയാണ് കോടതിയെ വിമർശിച്ച് പി.കെ. ബഷീർ രംഗത്ത് വന്നിരിക്കുന്നത്.