മുംബയ്: ജനങ്ങൾ ജീവനും കൊണ്ട് നാലുപാടും ചിതറി ഓടി. പിശാചിന്റെ ചിരിയുമായി ഒരു ചെറുപ്പക്കാരൻ അവർക്കുനേരെ വെടിയുതിർത്തു. പ്ലാറ്റ്ഫോമിൽ ആളൊഴിഞ്ഞപ്പോൾ കണ്ണിൽ കണ്ടൊരു നായയെും തന്റെ തോക്കിനിരയാക്കി.
26/11 മുംബയ് ഭീകരാക്രമണത്തിന്റെ പത്താം വർഷത്തിലും അന്ന് നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിച്ച റെയിൽവേ അനൗൺസർ വിഷ്ണു സെന്റെ ഓർത്തെടുക്കുകയാണ് അജ്മൽ അമീർ കസബിന്റെ ക്രൂരമുഖം. സെൻട്രൽ റെയിൽവേ ഗാർഡായി ജോലി ചെയ്യുന്ന 47 കാരനായ സെന്റെയ്ക്ക് ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല 2008 നവംബർ 26 എന്ന ദിവസം. ഇന്ത്യയെ നടുക്കിയ ഭീകരാക്രമണത്തിന് മുംബയ് സാക്ഷിയായപ്പോൾ ഛത്രപതി ശിവാജി ടെർമിനലിൽ റെയിൽവേ അനൗൺസറായിരുന്ന വിഷ്ണു സെന്റെയാണ് സ്റ്രേഷനിൽ ഭീകരാക്രമണമുണ്ടായിരിക്കുകയാണെന്നും ഉടൻ സ്റ്രേഷൻ വിടണമെന്നും മൈക്കിലൂടെ ആളുകളെ അറിയിച്ചത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ പുറകു വശത്തുകൂടി നൂറുകണക്കിനാളുകൾ രക്ഷപ്പെട്ടു.
166 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ 52 പേരാണ് റെയിൽവേ സ്റ്റേഷനിൽ മരിച്ചു വീണത്. 108 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
''ദീർഘദൂര ട്രെയിനുകൾ നിറുത്തിയിട്ടിരുന്ന പ്ലാറ്റ്ഫോമിൽ നിന്ന് ഉറക്കെ ശബ്ദം കേട്ടപ്പോൾ സ്ഫോടനമാണെന്നാണ് ആദ്യം കരുതിയത്. അങ്ങോട്ട് പോകരുതെന്ന് ആദ്യം അനൗൺസ് ചെയ്തു. പിന്നാലെ കസബും മറ്റൊരു ഭീകരനും പ്ലാറ്റ്ഫോമിലേക്ക് നടന്നുവരുന്നത് കണ്ടപ്പോഴാണ് ഭീകരാക്രമണമാണെന്ന് മനസിലായത്. കണ്ണിൽ കണ്ടവരെയൊക്കെ അയാൾ വെടിവച്ചു. ഉടൻ രക്ഷപ്പെടാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി. " സ്റ്റേഷനിൽ പിശാചിന്റെ ചിരിയുമായി കണ്ട കസബിനെ കോടതി മുറിയിൽ നിർവികാരനായി കണ്ടതും വിഷ്ണു സെന്റെ ഓർത്തെടുത്തു.
കസബിനെ കഴുമരത്തിലെത്തിച്ചത് അതീവ രഹസ്യമായി
മുംബയ്: മുംബയ് ഭീകരാക്രമണ പരമ്പര പ്രതിയായ അജ്മൽ കസബിനെ തൂക്കിലേറ്റാൻ മുംബയ് ആർതർ റോഡ് ജയിലിൽ നിന്ന് പൂനെ യർവാഡ ജയിലിലെത്തിച്ചത് അതീവ രഹസ്യമായെന്ന് പൊലീസ് വെളിപ്പെടുത്തൽ. ഫോഴ്‌സ് വൺ കമാൻഡോ സംഘമാണ് ദൗത്യം ഏറ്റെടുത്തത്. മുംബയ്- പൂനെ എക്‌സ്‌പ്രസ് വേയിലൂടെ ശ്വാസമടക്കിപ്പിടിച്ചായിരുന്നു യാത്ര. കസബിനെ യർവാഡ ജയിലിൽ എത്തിച്ചെന്ന വിവരം കൈമാറാൻ ഉപയോഗിച്ചത് 'പാഴ്‌സല്‍ റീച്ച്ഡ് ഫോക്‌സ്' എന്ന കോഡാണ്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് പത്തുവർഷം തികയുമ്പോഴാണ് പൊലീസ് വെളിപ്പെടുത്തൽ.