തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പി.കെ.ശശി എം.എൽ.എയ്‌ക്കെതിരെ നടപടി വൈകുന്നതിൽ ഭരണപരിഷ്‌ക്കാര കമ്മിഷൻ വി.എസ്.അച്യുതാനന്ദന് അതൃപ്‌തി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്രനേതൃത്വത്തിന് പരാതി നൽകി. ശശിയെ പാർട്ടി ജാഥയുടെ ക്യാപ്‌ടൻ ആക്കിയതിലും അദ്ദേഹം അതൃപ്‌തി അറിയിച്ചിട്ടുണ്ട്. ശശിക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കാൻ നാളെ സംസ്ഥാന കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് വി.എസിന്റെ നിർണായക ഇടപെടൽ.
കഴിഞ്ഞ വെള്ളിയാഴ്‌ച ഈ വിഷയം ചർച്ച ചെയ്യാൻ മാത്രം ചേരുന്നെന്ന് കരുതിയ സി.പി.എം സംസ്ഥാനകമ്മിറ്റി യോഗം പക്ഷേ, കാര്യത്തിലേക്ക് കടക്കാതെ ഒരു മണിക്കൂർ കൊണ്ട് പിരിഞ്ഞിരുന്നു. സാങ്കേതിക പ്രശ്നമുണ്ടെന്നും അതിനാൽ തിങ്കളാഴ്ച പരിഗണിക്കാമെന്നും കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പറഞ്ഞു. ഇതിനായി തിങ്കളാഴ്ച വീണ്ടും സംസ്ഥാന കമ്മിറ്റി ചേരും. ശശിക്കെതിരായ പരാതിയും ശശി ഉയർത്തിയ ഗൂഢാലോചനാ ആരോപണവും അന്വേഷിച്ച എ.കെ. ബാലനും പി.കെ. ശ്രീമതിയും ഉൾപ്പെട്ട പാർട്ടി കമ്മിഷന്റെ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചതായി സൂചനയുണ്ട്. സെക്രട്ടേറിയറ്റിലെ ധാരണപ്രകാരമാണ് തീരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റിയതും. ഇരു ഭാഗത്തെയും തൃപ്തിപ്പെടുത്തുന്ന ചില നടപടികൾക്കാണ് സാദ്ധ്യത. പാർട്ടി തലത്തിൽ ശശിയെ തരംതാഴ്‌ത്തുമെന്നാണ് അഭ്യൂഹം