narendra-modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛനാരാണെന്ന കോൺഗ്രസ് നേതാവിന്റെ പരാമർശത്തിന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി മോദി രംഗത്തെത്തി. രാഷ്ട്രീയ എതിരാളികളുടെ സ്വകാര്യ ജീവിതം വലിച്ചിഴക്കുന്നതിലൂടെ കോൺഗ്രസ് തങ്ങളുടെ കുടുംബ രാഷ്ട്രീയത്തിന്റെ സംസ്‌ക്കാരം തെളിയിച്ചിരിക്കുകയാണെന്ന് മോദി തിരിച്ചടിച്ചു. വികസനത്തിന്റെ പേര് പറഞ്ഞ് വോട്ട് തേടാൻ കോൺഗ്രസിന് ഒരു തിരഞ്ഞെടുപ്പിലും കഴിഞ്ഞിട്ടില്ലെന്നും അതിനാലാണ് അവർ ഇത്തരം പ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്ധ്യപ്രദേശിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ദിവസം മുമ്പ് ഒരു കോൺഗ്രസ് നേതാവ് എന്റെ അമ്മയെ അവഹേളിച്ചു. എന്റെ അമ്മ ഇതുവരെ മദ്ധ്യപ്രദേശ് കണ്ടിട്ടുപോലുമില്ല. രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയാത്ത ഒരു സാധുസ്ത്രീയാണ് അവർ. ഇതൊന്നും മതിയാകാതെ അവർ എന്റെ പിതാവിനെയും അവഹേളിക്കുകയാണ്. അതും 30 വർഷം മുമ്പ് മരിച്ചുപോയ ഒരാളെ. എന്തിനാണ് കോൺഗ്രസുകാർ ഇങ്ങനെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെയും കുടുംബത്തെ അവഹേളിക്കരുതെന്നാണ് ബി.ജെ.പിയുടെ പോളിസി. ആശയങ്ങളുടെ പേരിലായിരിക്കണം വിമർശനം. പക്ഷേ ഈ മര്യാദ പാലിക്കാത്ത കോൺഗ്രസുകാർ തന്റെ അച്ഛനെയും അമ്മയെയും വരെ അവഹേളിക്കുകയാണെന്നും മോദി പറഞ്ഞു.

നേരത്തെ, കോൺഗ്രസിന്റെ ഒരു പരിപാടിയിൽ മുൻകേന്ദ്രമന്ത്രി കൂടിയായ വിലാസ് മുട്ടേംവാർ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് മോദിയെ ആർക്കാണ് അറിയുമായിരുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ ആരാണ്. തുടങ്ങിയ പരാമർശങ്ങൾ കോൺഗ്രസിനുള്ളിൽ തന്നെ വിമർശനത്തിന് കാരണമായിരുന്നു. അതേസമയം, മുൻകോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മാതാപിതാക്കളെ വരെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന നരേന്ദ്ര മോദിക്ക് ഇക്കാര്യത്തിൽ പ്രതികരിക്കാൻ അർഹതയില്ലെന്ന് മുൻ കാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പറഞ്ഞു. സ്വയം ഇരയുടെ വേഷം ചമയാൻ മോദി ശ്രമിക്കേണ്ടെന്നും മാതാപിതാക്കളെ അപമാനിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.