ഇന്തോനേഷ്യ: ലഹരിക്കായി എന്തും ചെയ്യാൻ മടിക്കാത്ത ഒരു കൂട്ടം കൗമാരക്കാരുടെ സംഘത്തിന്റെ പരീക്ഷണങ്ങൾ പ്രവചനാതീതമായി മാറുകയാണ്. ഉപയോഗിച്ച് വലിച്ചെറിഞ്ഞതും പുതിയതുമായ നാപ്കിൻ ആണ് ഇത്തരക്കാർ ലഹരിക്കായി കണ്ടെത്തിയ പുതിയ മാർഗ്ഗം. ഇത്തരം പുതിയ വാർത്തകൾ മനുഷ്യമനസ്സാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണ്. ഇന്തോനേഷ്യയിലാണ് ഇത്തരത്തിലെ ലഹരി ഉപയോഗം കണ്ടെത്തിയത്.
പാഡുകൾ വെള്ളത്തിലിട്ട് അരമണിക്കൂറിൽ കൂടുതൽ തിളപ്പിച്ച ശേഷം അത് പിഴിഞ്ഞെടുത്ത് ലഹരിക്കായി ഉപയോഗിക്കുകയാണ് ഇവർ. ഉപയോഗിച്ചതും അല്ലാത്തതുമായ പാഡുകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് ഇന്തോനേഷ്യൻ നാഷണൽ ഡ്രഗ് ഏജൻസിയുടെ റിപ്പോർട്ടുകൾ. കൗമാരക്കാർക്കിടയിൽ ഇതിന് ആവശ്യക്കാർ കൂടുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പാഡുകൾ തിളപ്പിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ വെള്ളത്തിൽ കലരുകയും ഇത് ലഹരിയായി മാറുകയും ചെയ്യുന്നു. ഈ വെള്ളം കുടിക്കുന്നതിലൂടെ ഏറെ നേരത്തെ ലഹരി ആസ്വദിക്കാൻ സാധിക്കുമെന്നതിനാലാണ് യുവാക്കൾ ഈ മാർഗ്ഗം സ്വീകരിക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു. നാപ്കിൻ വാങ്ങുന്നതിന് ചെലവ് കുറവും ആരും സംശയിക്കാത്തതുമാണ് യുവാക്കളിൽ ഈ രീതിക്ക് പ്രിയമേറിയത്. ഇങ്ങനെയുള്ള ലഹരി ഉപയോഗത്തിൽ നിരവധി ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഇങ്ങനെ ലഹരി ഉപയോഗിച്ചതിലൂടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് നിരവധി ചെറുപ്പക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഇന്തോനേഷ്യൻ ആരോഗ്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.