modi

ന്യൂഡൽഹി:അയോദ്ധ്യ കേസ് സുപ്രീംകോടതി നീട്ടിവയ്‌ക്കാൻ കാരണക്കാർ കോൺഗ്രസ് ആണെന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേസ് നീട്ടിവയ്‌ക്കണമെന്ന് കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പരാമർശം. വഖഫ് ബോർഡിനുവേണ്ടി ഹാജരായപ്പോഴാണ് കേസ് നീട്ടിവയ്‌ക്കണമെന്ന് സിബൽ അഭ്യർത്ഥിച്ചത്. അയോദ്ധ്യ കേസ് പരിഗണിച്ച ജഡ്‌ജിയെ ഇംപീച്ച് ചെയ്യിക്കാൻ ശ്രമിച്ചെന്നും സിബലിന്റെ പേരുപറയാതെ മോദി പറഞ്ഞു. ജഡ്‌ജിമാർ ഭീഷണിക്കു വഴങ്ങി നീതിയുടെ പാതയിൽ നിന്ന് വ്യതിചലിക്കരുതെന്നും മോദി കൂട്ടിച്ചേർത്തു. അയോദ്ധ്യ കേസ് പരിഗണിച്ച മുൻ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ കോൺഗ്രസ് പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നിരുന്നു

കേസ് നീട്ടിവയ്‌ക്കാൻ ആവശ്യപ്പെട്ടപ്പോൾ കോടതിയിൽ കോൺഗ്രസിനു വേണ്ടിയല്ല താൻ ഹാജരായതെന്ന് കപിൽ സിബൽ പ്രതികരിച്ചു. കേസ് പരിഗണിച്ച അടുത്ത കാലത്തൊന്നും ഹാജരായിട്ടുമില്ല. ധൈര്യമുണ്ടെങ്കിൽ പ്രധാനമന്ത്രി ജുഡിഷ്യറിക്കെതിരെ പ്രസ്‌താവന നടത്തട്ടെ. തന്നെ ലക്ഷ്യമിട്ടത് രാഷ്‌ട്രീയ ലാക്കോടെ ആണെന്നും സിബൽ പറഞ്ഞു.