
അഹമ്മദാബാദ്: 2007ൽ നടന്ന അജ്‌മേർ ദർഗ സ്ഫോടന കേസിൽ മലായാളി സുരേഷ് നായർ എന്നായാൾ അറസ്റ്റിലായി. ഒളിവിലായിരുന്ന സുരേഷ് നായരെ ഗുജറാത്ത് ഭീകര വിരുദ്ധ സേനയാണ് ഗുജറാത്തിലെ ഭറൂച്ചിൽ നിന്ന് അറസ്റ്രു ചെയ്തത്. കൊയിലാണ്ടി സ്വദേശിയാണിയാൾ. പാരലൽ കോളേജ് അദ്ധ്യാപകനായിരുന്നു ഇയാൾ.
ഇയാൾ ശുക്ലിറിത്ത് എന്ന മത കേന്ദ്രം സന്ദർശിക്കുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
രാജസ്ഥാനിലെ അജ്‌മേർ ദർഗയിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിനായി ബോംബ് എത്തിച്ചത് സുരേഷ് നായരാണ്. സംഭവ സമയത്ത് ഇയാൾ അവിടെ ഉണ്ടായിരുന്നെന്നും എൻ.ഐ.എ കണ്ടെത്തിയിരുന്നു.
സുരേഷ് നായർ, സന്ദീപ് ദാങ്കെ, രാമചന്ദ്ര എന്നിവർ സ്ഫോടനത്തിന് ശേഷം ഒളിവിലായിരുന്നു. മറ്റു രണ്ടുപേരെയും ഇനിയും കണ്ടെത്താനുണ്ട്. സുരേഷ് നായരെ കണ്ടെത്തുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത് ഭീകര വിരുദ്ധ സേന ഇയാളെ എൻ.ഐ.എയ്ക്ക് കൈമാറും.
സ്ഫോടനക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ തീവ്ര ഹിന്ദുത്വ നിലപാടുകാരായ ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേൽ എന്നിവർക്ക് എൻ.ഐ.എ പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. സ്വാമി അസീമാനന്ദയും കേസിൽ പ്രതികളായിരുന്നെങ്കിലും ജയ്പൂർ എൻ.ഐ.എ കോടതി 2017ൽ അസീമാനന്ദയെ വെറുതെവിട്ടു.