k-surendran

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തിരക്കഥയ്ക്കനുസരിച്ചാണ് തന്റെ അറസ്റ്റ് നടന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിച്ചു.സ്‌പെഷ്യൽ സബ് ജയിലിന് പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉപദേശകനാണ് ഇതിന്റെ ആസൂത്രകൻ. ഓരോ സ്‌റ്റേഷനിലേക്കും വിളിച്ച് കേസുകൾ തയ്യാറാക്കുകയായിരുന്നു. ജാമ്യം ലഭിച്ചശേഷം ഒന്നര ദിവസത്തോളം നിയമവിരുദ്ധമായി ജയിലിൽ പാർപ്പിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനവും ഭരണഘടനാവിരുദ്ധ നടപടിയുമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങൾ തന്റെ അഭിഭാഷകൻ പുറത്തുവിടും.

വൈകീട്ട് 6.45ന് ശക്തമായ പൊലീസ് അകമ്പടിയിലാണ് സുരേന്ദ്രനെ എത്തിച്ചത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്,
ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരൻ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, തുടങ്ങിയ നേതാക്കൾ ജയിലിന് സമീപമെത്തിയിരുന്നു. സുരേന്ദ്രന്റെ ഭാര്യ ഷീബ, മകൾ ഗായത്രി, സഹോദരൻ കെ.
ഗംഗാധരൻ എന്നിവരും എത്തിയിരുന്നു.

പ്രവർത്തകർ ജയിലിന് പുറത്ത് നാമജപം ആരംഭിച്ചു. ഇന്ന് കണ്ണൂർ കോടതിയിലേക്ക് കൊണ്ടുപോകുന്നത് വരെ നാമജപം തുടരും. അത്തോളി പോലീസ് സ്‌റ്റേഷനു മുമ്പിൽ ആരംഭിച്ച റിലേ സത്യാഗ്രഹത്തിൽ ഇന്ന് സി.ലിജു ഉപവസിക്കും.