കണ്ണൂർ: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലിലെത്തിച്ചു. കണ്ണൂരിലേക്ക് കൊണ്ടുപോകവേ നേരം വൈകിയതിനാലാണ് സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലിലെത്തിച്ചത്. സുരേന്ദ്രനെ നാളെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
അതേസമയം ജയിലിലിനു പുറത്ത് ബി.ജെ.പിയുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം ആരംഭിച്ചു. നാളെ സുരേന്ദ്രനെ കൊണ്ടുപോകുന്നതു വരെ പ്രതിഷേധം തുടരാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന തിരക്കഥയാണ് തന്റെ അറസ്റ്റെന്ന് സുരേന്ദ്രൻ ആരോപിച്ചു.
ജയിലിൽ നടന്നത് മനുഷ്യാവകാശലംഘനമാണ്. ജാമ്യം കിട്ടിയിട്ടും ഒന്നര ദിവസം ജയിലിലിട്ടുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലേക്ക് പോകാൻ ഭയമില്ല. പൊലീസ് കള്ളക്കേസുകൾ ചുമത്തുകയാണ്. തനിക്ക് അറിവില്ലാത്ത കേസുകളാണ് മിക്കതും. സമൻസ് ലഭിക്കാറില്ല. കോഴിക്കോട്ട് നിന്ന് പുതിയൊരു കേസിൽ വാറണ്ട് വന്നിരിക്കുന്നു. ചിറ്റാർ സ്റ്റേഷൻ ആക്രമിച്ചെന്ന് മറ്റൊരു കേസ്. തന്നെ വലിച്ചിഴച്ചുകൊണ്ട് പോകുന്നത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. ഫേസ്ബുക്കിലൂടെ പൊലീസിനെ വിമർശിച്ചതാണ് കണ്ണൂരിൽ ചെയ്ത കുറ്റം. ധൈര്യമായി നേരിടാൻ തന്നെയാണ് തീരുമാനമെന്നും സുരേന്ദ്രൻ പറഞ്ഞു.