കാഞ്ഞങ്ങാട്: പുഷ്പഹാരം അണിയിക്കലും താലിചാർത്തലും, പങ്കെടുത്തവർക്കെല്ലാം ചായയും ബിസ്കറ്റും. പത്ത് മിനിട്ടിൽ ലളിതമായ ചടങ്ങുകളുമായി മന്ത്രിപുത്രിയുടെ കല്യാണം. മന്ത്രി ഇ.ചന്ദ്രശേഖരന്റെ മകളുടെ വിവാഹമാണ് ടൗൺ ഹാളിൽ വെച്ച് ആർഭാടങ്ങളൊഴിവാക്കി നടന്നത്. മന്ത്രിയുടെ മകൾ നീലി ചന്ദ്രന്റെയും കാസർകോട് ടൗൺ സർവീസ് സഹകരണബാങ്ക് റിട്ട. മാനേജർകാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ പി.കുഞ്ഞിക്കൃഷ്ണൻ നായരുടെ മകൻ പി.വിഷ്ണുവിന്റെയും വിവാഹമാണ് നിറഞ്ഞ സദസിന്റെ മുന്നിൽ നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, 17 മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ , എം.പിമാർ, എം.എൽ.എമാർ, ഉദ്യോഗസ്ഥർ എന്നിങ്ങനെ വലിയ സദസ് തന്നെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ജനപ്രിയനായ മന്ത്രിയുടെ മകളുടെ വിവാഹത്തിനു സാക്ഷ്യം വഹിക്കാൻ നാടു മുഴുവൻ ഒഴുകിയെത്തി.. എ4 സൈസ് പേപ്പറിൽ അച്ചടിച്ച ലളിതമായ വിവാഹ ക്ഷണക്കത്ത് നേരത്തേ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
1981ൽ ഇ.ചന്ദ്രശേഖരന്റെയും വി.സാവിത്രിയുടെയും വിവാഹവും താലികെട്ടും പുടവ കൈമാറ്റവുമില്ലാതെയായിരുന്നു നടന്നത്. പങ്കെടുത്തവർക്കു നൽകിയതു നാരങ്ങ സർബത്ത്. രക്ഷിതാക്കളുടെ മാതൃക പിന്തുടർന്ന് മകളുടെ വിവാഹവും നടന്നത് ലാളിത്യത്തിന്റെ തുടർച്ചയായി.