yechuri

ന്യൂഡൽഹി: ശ്രീരാമന്റെയും അയ്യപ്പന്റേയും പേരിൽ ബി.ജെ.പിയും എൻ.ഡി.എയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

രാമന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കാൻശ്രമിക്കുകയാണ് ബി.ജെ.പി.ചെയ്യുന്നത്. ബി.ജെ.പിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കി മതനിരപേക്ഷ രാഷ്ട്രം കെട്ടിപ്പടുക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. അഗർത്തലയിൽ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാജ്യത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് രാമക്ഷേത്ര നിർമ്മാണത്തിന്റെ പേരിൽ ആർ.എസ്.എസ് നടത്തുന്നത്. ഇതിന്റെ തുടർച്ചയായാണ് ശബരിമല വിഷയത്തിൽ കേരളത്തിൽ നടത്തുന്ന സമരങ്ങളെന്നും യെച്ചൂരി പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധവും ശ്രീരാമായണാ എക്‌സ്പ്രസുമെല്ലാം ബി.ജെ.പിയുടെ ഗെയിം പ്ലാനിന്റെ ഭാഗമായാണെന്നും യെച്ചൂരി വ്യക്തമാക്കി.