sunil-p-ilayidam-

കോഴിക്കോട്: ഹൈന്ദവ വർഗീയ പ്രസ്ഥാനങ്ങളെയെന്ന പോലെതന്നെ എതിർക്കപ്പെടേണ്ടതാണ് പൊളിറ്റിക്കൽ ഇസ്ലാമെന്ന് സുനിൽ പി. ഇളയിടം. പൊളിറ്റിക്കൽ ഇസ്ലാമിനെ പിന്തുണയ്ക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു എന്ന കള്ളം ഹൈന്ദവ വർഗീയവാദികൾ അടുത്തിടെയായി വലിയ തോൽ പ്രചരിപ്പിക്കുന്നുണ്ട്.

ഹൈന്ദവ വർഗ്ഗീയതക്കെതിരെ ഉയര്‍ത്തുന്ന വിമർശനങ്ങളെ ദുർബ്ബലപ്പെടുത്താനും അതിന്റെ വിശ്വാസ്യത ഇല്ലാതാക്കാനുമുള്ള അവരുടെ ആസൂത്രിത പ്രചാരണമാണ് ഈ നുണപ്രചാരണമെന്നും പൊളിറ്റിക്കൽ ഇസ്‌ലാമിനെക്കുറിച്ചുള്ള എന്റെ വീക്ഷണം പല തവണ എഴുതുകയും പറയുകയും ചെയ്തതാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.


‘മതവർഗീയവാദം എന്ന നിലയിൽ പൊളിറ്റിക്കൽ ഇസ്ലാം ഏതെങ്കിലും നിലയിൽ ഹൈന്ദവ വർഗീയതയിൽ നിന്ന് ഭിന്നമാണെന്ന് ഞാൻ കരുതുന്നില്ല. അതിനെ പിൻപറ്റുന്ന പ്രസ്ഥാനങ്ങൾ വർഗീയ ഫാസിസത്തെ തന്നെയാണ് ഉയർത്തിക്കൊണ്ടുവരുന്നത്. കേരളത്തിൽ അവയിൽ പലതും മതഭീകരവാദ പ്രസ്ഥാനങ്ങളായാണ് നിലനില്‍ക്കുന്നത് എന്നതിലും സംശയമൊന്നുമില്ല’ ഇളയിടം പറയുന്നു.

പൊളിറ്റിക്കൽ ഇസ്ലാമിനെയും അതിന്റെ പ്രസ്ഥാന രൂപങ്ങളെയും എതിർത്തു കൊണ്ടു തന്നെ മുസ്ലിങ്ങൾ ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന അപരവത്കരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ ജനാധിപത്യ പ്രസ്ഥാനങ്ങൾ അഭിസംബോധന ചെയ്യണം എന്നാണ് ഞാൻ കരുതുന്നതെന്നും ഇളയിടം കൂട്ടിച്ചേർത്തു.