യു.എ.ഇ. ഉൾപ്പെടെ 18 രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാർക്ക് എമിഗ്രേഷൻ രജിസ്ട്രേഷൻ കേന്ദ്രസർക്കാർ നിർബന്ധമാക്കി. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാവും.
രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ഇന്ത്യയിൽനിന്ന് വിമാനം കയറാൻ സാധിക്കില്ല. നിലവിൽ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്ത ഇ.സി.എൻ.ആർ. പാസ്പോർട്ട് ഉടമകൾക്കും ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കുകയാണെന്ന് വിദേശകാര്യവകുപ്പ് കഴിഞ്ഞ ദിവസം സർക്കുലർവഴി അറിയിച്ചിരുന്നു. യു.എ.ഇ. ഉൾപ്പെടെ 18 വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഈ രാജ്യങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നവർക്കും ഇതു ബാധകമാകും. ഈ രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിൽ പോകുന്ന സമയത്ത് www.emigrate.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. തിരിച്ചുവരുന്നതിന് 21 ദിവസംമുമ്പുമുതൽ 24 മണിക്കൂർമുമ്പുവരെ രജിസ്ട്രേഷന് സമയമുണ്ട്.
വ്യക്തിപരമായ വിവരങ്ങൾ, തൊഴിലുടമയുടെ വിവരങ്ങൾ, വിസ സംബന്ധിച്ച വിശദാംശങ്ങൾ, വിദേശത്തെ വിലാസം എന്നിവയെല്ലാം രജിസ്ട്രേഷൻസമയത്ത് നൽകണം. രജിസ്ട്രേഷൻ പൂർത്തിയാകാത്തവരെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയയ്ക്കുമെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കി. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ അറിയിപ്പായി അപേക്ഷകന് എസ്.എം.എസ്., ഇ-മെയിൽ സന്ദേശങ്ങൾ ലഭിക്കും. ഇത് വിമാനത്താവളത്തിൽ കാണിച്ചാൽമാത്രമേ വിമാനത്തിൽ കയറാൻ സാധിക്കുകയുള്ളൂ.ഇന്ത്യയിൽനിന്ന് പുറപ്പെടുന്നതിന് 24 മണിക്കൂർമുമ്പ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം.
യു.എ.ഇ.ക്കുപുറമേ കുവൈത്ത്, ബഹ്റൈൻ, സൗദി, ഒമാൻ, ഖത്തർ, മലേഷ്യ, ഇറാഖ്, ജോർദാൻ, തായ്ലൻഡ്, യെമെൻ, ലിബിയ, ഇൻഡൊനീഷ്യ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിൽവിസയിൽ പോകുമ്പോഴും ഇതു ബാധകമാണ്. രജിസ്ട്രേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ 1800113090 എന്ന ടോൾഫ്രീ നമ്പറിലോ helpline@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.www.emigrate.gov.in വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.