പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഇഫി) ഇക്കുറി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഇസ്രായേലി സംവിധായകൻ ഡാൻ വോൾമാന് നൽകിയതിൽ ജോർജ് മാത്യുവിനെപ്പോലെ ആഹ്ളാദിക്കുന്ന മറ്റൊരാൾ ഉണ്ടാവില്ല. കാരണമുണ്ട് .പത്ത് വർഷം മുമ്പ് തിരുവനന്തപുരത്ത് ചലച്ചിത്രയുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ (ടിഫ്)വോൾമാന്റെ ചിത്രങ്ങളുടെ റെട്രോസ്‌പെക്ടീവ് സംഘടിപ്പിച്ചത് ഫെസ്റ്റിവൽ ഡയറക്ടറായ ജോർജ് മാത്യുവായിരുന്നു. വോൾമാന്റെ മികവ് ജോർജ് മാത്യു അന്നേ തിരിച്ചറിഞ്ഞെങ്കിൽ ഇഫി മനസ്സിലാക്കാൻ വീണ്ടും പത്ത് വർഷമെടുത്തുവെന്ന് മാത്രം.
1986 മുതൽ ഒരു തീർത്ഥാടനം പോലെ ഇഫിയിൽ ജോർജ് മാത്യു പങ്കെടുക്കുന്നു.ഇത് മുപ്പത്തി മൂന്നാമത്തെ വർഷമാണ്.ഇതിനിടയിൽ രണ്ടുതവണ ഇന്ത്യൻ പനോരമയിലടക്കം നിരവധി ദേശീയ-അന്തർദ്ദേശീയ ജൂറികളിൽ അംഗമായിചലച്ചിത്ര യുടെ 18 ഫെസ്റ്റിവലുകൾ വിജയകരമായി നടത്തി. ലോകരാജ്യങ്ങളിൽ നിന്നുള്ള മികച്ച ചിത്രങ്ങൾ തിരുവനന്തപുരത്തെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചു. ലെസ്റ്റർ പെരിസിനെപ്പോലുള്ള പ്രതിഭകളേയും ടിഫിൽ കൊണ്ടു വന്നു. വിവിധ ലോക രാജ്യങ്ങളിലെ ചലച്ചിത്ര പ്രതിഭകളുമായി ജോർജ് മാത്യു നിരന്തര സമ്പർക്കം പുലർത്തുന്നു. ലെസ്റ്റർ പെരിസും ബുദ്ധവേവ് ദാസ് ഗുപ്തയുമടക്കം വിപുലമായ സൗഹൃദനിര ജോർജ് മാത്യുവിനുണ്ട്. ഗോവയിൽ വന്ന വോൾമാൻ ജോർജ് മാത്യുവിനെക്കുറിച്ച് ഇതെഴുതുന്നയാളിനോട് പറഞ്ഞത് സിനിമയെ ഇത്ര ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നവർ അപൂർവ്വമാണെന്നായിരുന്നു. തിരുവനന്തപുരത്തെ ഊഷ്മളമായ ഓർമ്മകൾ അദ്ദേഹം പങ്കുവച്ചു.
സിനിമയെ സംബന്ധിച്ച ഒരു എൻസൈക്‌ളോപീഡിയയാണ് ജോർജ് മാത്യു. ചലച്ചിത്രകാരൻമാരെ പ്രോത്സാഹിപ്പിക്കുമ്പോഴും അവരുടെ ചിത്രങ്ങളെക്കുറിച്ച് തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ ഒരു മടിയുമില്ല. ചലച്ചിത്രയുടെ ചലച്ചിത്രോത്സവങ്ങൾ തന്റെ കലാജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് പതിവായി ജോർജ് മാത്യുവിനൊപ്പം ഇഫിയിൽ വന്നുപോകുന്ന ഒരു സംഘമുണ്ട്. എംഡി.മോഹൻദാസ് , രാജശേഖരൻ പിള്ള, നാരായണൻ, സണ്ണി, ഡാർവിൻ, റാണാപ്രതാപൻ, തുടങ്ങി സംവിധായകൻ എം.പി.സുകുമാരൻ നായർ വരെ സംഘത്തിലുണ്ട്. കേരളത്തിൽ ചലച്ചിത്രോത്സവം നടക്കുമ്പോൾ തിരുവനന്തപുരത്ത് ഈ സംഘം മുറിയെടുത്ത് ചലച്ചിത്രോത്സവ ചർച്ചകളിൽ ഏർപ്പെടുകയും അന്യനാട്ടുകളിൽ നിന്നും വരുന്ന ചലച്ചിത്രാസ്വാദകരെ സ്വീകരിക്കാാറുമുണ്ട്.
മുൻ വി.എസ്.എസ്.സി ഉദ്യോഗസ്ഥനായ ജോർജ് തിരുവനന്തപുരത്ത് പേട്ടയിലാണ് കുടുംബവുമൊത്ത് താമസിക്കുന്നത്.
ചലച്ചിത്ര പ്രവർത്തനത്തിൽ ഇത്രയും ദീർഘമായ പാരമ്പര്യമുള്ള ജോർജ് മാത്യു ആദരിക്കാൻ ചലച്ചിത്ര സംഘടനകൾ മുന്നോട്ടു വരേണ്ട കാലം വൈകിയിരിക്കുന്നു. കള്ളനാണയങ്ങൾ സ്വീകരിക്കപ്പെടുമ്പോൾ ജോർജ് മാത്യുവിനെപ്പോലുള്ള യഥാർത്ഥ പ്രതിഭകൾ വിസ്മരിക്കപ്പെടുന്നത് നിർഭാഗ്യകരമാണ്. പുറകേ നടന്ന് ആദരം ചോദിച്ചുവാങ്ങുന്നവർക്കിടയിൽ ജോർജ് മാത്യു വ്യത്യസ്ഥനാകുന്നു. നട്ടെല്ല് ഉയർത്തിപ്പിടിച്ച്.