തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് മന്ത്രിസ്ഥാനം രാജിവച്ചു. തിങ്കളാഴ്‌ച രാവിലെ ക്ലിഫ് ഹൗസിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറിയത്. ജനതാദൾ എസിലെ ധാരണ പ്രകാരം കെ.കൃഷ്‌ണൻകുട്ടിക്ക് മന്ത്രിയാകാൻ വേണ്ടിയാണ് മാത്യു.ടി.തോമസ് രാജിവച്ചത്. അതേസമയം, മന്ത്രിയെന്ന നിലയിൽ നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റിയെങ്കിലും പൂർണ തൃപ്‌തനല്ലാതെയാണ് താൻ രാജിവയ്‌ക്കുന്നതെന്ന് ക്ലിഫ് ഹൗസിൽ നിന്നും പുറത്ത് വന്നതിന് ശേഷം അദ്ദേഹം പ്രതികരിച്ചു. കുറച്ച് കൂടി കാര്യങ്ങൾ ചെയ്യാൻ താത്പര്യമുണ്ടായിരുന്നു. കേരളത്തിലെ ഒരു വലിയ പ്രളയവും വരൾച്ചയും തന്റെ കാലയളവിൽ നേരിടാനായത് നല്ലകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും താൻ പാർട്ടിയോ മുന്നണിയോ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യലിസ്‌റ്റുകളുടെ സ്ഥാനം ഇടത് മുന്നണിയിലാണ്. പ്രതിസന്ധി കാലത്ത് പോലും ഇടത് മുന്നണിയിൽ പിടിച്ചുനിന്നയാളാണ് താൻ. ഒരിക്കലും വലത്തേക്ക് ചരിയില്ല. മന്ത്രിസ്ഥാനം രാജിവച്ചതിന് ശേഷം എം.എൽ.എ എന്ന നിലയിൽ പ്രവർത്തനം തുടരും. പാർട്ടി നിർദ്ദേശം അനുസരിച്ചാണ് താൻ മന്ത്രിയായത്. പാർട്ടിയുടെ തീരുമാനം അനുസരിച്ച് രാജിവയ്‌ക്കുന്നു. ഇക്കാര്യത്തെച്ചൊല്ലി പാർട്ടിയിൽ പിളർപ്പുണ്ടാകില്ല. സർക്കാരിന്റെ ഭാഗമായ എല്ലാ മന്ത്രിമാരും മിടുക്കന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചിന് തന്നെ ആകാനാണ് സാധ്യതെന്നാണ് റിപ്പോർട്ടുകൾ. ഗവർണറുടെ സൗകര്യം കൂടി പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.