ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ഇന്ന് അയോദ്ധ്യയിലേക്ക്. നിരോധനാജ്ഞ നിലനിൽക്കെയാണ് സന്ദർശനം. അയോദ്ധ്യയിൽ നാലര വർഷംകൊണ്ട് ഒന്നും ചെയ്യാതിരുന്ന മോദി സർക്കാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ നേട്ടത്തിനാണ് അയോദ്ധ്യ വിഷയം ഉയർത്തിക്കൊണ്ട് വരുന്നതെന്നും, വി.എച്ച്.പി, ശിവസേന അടക്കമുള്ളവരുടെ രാമക്ഷേത്ര നിർമ്മാണനീക്കം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് തടയാനാകുന്നില്ലെങ്കിൽ മോദിയും യോഗി ആദിത്യനാഥും രാജിവയ്‌ക്കണമെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
'എന്റെ ലക്ഷ്യം അക്രമമല്ല, അക്രമം നടത്താൻ ഉദ്ദേശിക്കുന്നവരെ തടയലാണ്. അതിനാൽ അയോദ്ധ്യയിൽ സമാധാനം നിലനിർത്താൻ ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രചാരണം നടത്തും'-ചന്ദ്രശേഖർ പറഞ്ഞു. രാജ്യത്ത് ദലിതുകളും, മുസ്ലീംങ്ങളും മറ്റ് പാർശ്വവൽകൃത ന്യൂനപക്ഷങ്ങളും ഒന്നിക്കണമെന്നും ഭീം ആർമി നേതാവ് വ്യക്‌തമാക്കി.