-balabhaskar

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത വർദ്ധിപ്പിച്ച് വീണ്ടും സാക്ഷിമൊഴികൾ. അപകട സമയത്ത് വാഹനം ഓടിച്ചത് ആരാണെന്നതിനെക്കുറിച്ച് അവ്യക്തതകൾ നിലനിൽക്കുന്നതിനിടെ ബാലഭാസ്‌കർ പിൻസീറ്റിൽ ഇരുന്ന് ഉറങ്ങുന്നത് കണ്ടെന്ന സാക്ഷിമൊഴിയാണ് സംഭവത്തിൽ വീണ്ടും ദുരൂഹത വർദ്ധിപ്പിച്ചത്. ചവറ സ്വദേശിയായ ഒരാളാണ് പൊലീസിന് ഇത്തരത്തിൽ മൊഴി നൽകിയത്. അപകടം നടന്ന സ്ഥലത്ത് നിന്നും ആംബുലൻസിലേക്ക് മാറ്റുമ്പോൾ ബാലഭാസ്‌കർ സംസാരിച്ചിരുന്നതായി മറ്റൊരാളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മി, ഡ്രൈവർ അർജുൻ എന്നിവരുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും.

അപകട സമയത്ത് വാഹനം ഓടിച്ചതിനെ സംബന്ധിച്ച് ലക്ഷ്മിയും അർജുനും വ്യത്യസ്‌ത മൊഴികളാണ് പൊലീസിന് നൽകിയത്. ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് അർജുൻ പറയുമ്പോൾ ഇതിന് വിരുദ്ധമായ മൊഴിയാണ് ലക്ഷ്‌മി നൽകിയത്. അർജുന്റെ മൊഴി സത്യമാണെന്ന് തെളിയിക്കുന്ന രീതിയിലാണ് ചില സാക്ഷികളും മൊഴി നൽകിയത്. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വഴി കൊല്ലത്ത് ഇറങ്ങി ജ്യൂസ് കുടിച്ച ശേഷം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നാണ് അർജുന്റെ മൊഴി. ബാലഭാസ്കറും അർജുനും കൊല്ലത്ത് ഇറങ്ങി ജ്യൂസ് കുടിച്ചുവെന്ന് ലക്ഷ്‌മിയും സമ്മതിക്കുന്നുണ്ട്. എന്നാൽ വീണ്ടും വാഹനം ഓടിച്ചതും അർജുനാണെന്നാണ് ലക്ഷ‌മിയുടെ മൊഴി.

എന്നാൽ പിൻസീറ്റിൽ ഉറങ്ങുകയായിരുന്ന ബാലഭാസ്‌കറിന് ഡ്രൈവർ ജ്യൂസ് വാങ്ങി നൽകുന്നത് കണ്ടുവെന്നാണ് ചവറ സ്വദേശി പൊലീസിന് മൊഴി നൽകിയത്. ദുരൂഹതയുണർത്തുന്ന ഈ മൊഴിയിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അതേസമയം, ബാലഭാസ്‌കറിനെ അപകടമുണ്ടായ വാഹനത്തിന്റെ ഡ്രൈവർ സീറ്റിൽ നിന്നാണ് പുറത്തെടുത്തതെന്ന മറ്റൊരു സാക്ഷിമൊഴിയും പുറത്തായി. മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.