കൊച്ചി: പി.കെ ശശി വിവാദത്തിൽ ഉത്തരം പറയേണ്ട ബാധ്യത ഡി.വൈ.എഫ്.ഐയ്‌ക്ക് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എ.എ.റഹീം. അതിന് മറുപടി നൽകേണ്ടത് സി.പി.എമ്മാണ്. ഡി.വൈ.എഫ്.ഐയിൽ സി.പി.എമ്മിന് ഒരു റോളുമില്ല. പാർട്ടിയുടെ പോഷക സംഘടനയല്ല തങ്ങളെന്നും റഹീം പ്രതികരിച്ചു. ഒരു പ്രമുഖ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എ.എ.റഹീം ഇക്കാര്യം വ്യക്തമാക്കിയത്.
'സ്വതന്ത്രമായ ഭരണഘടനയും സംവിധാനവുമുള്ള ഒരു സംഘടനയാണ് ഡി.വൈ.എഫ്.ഐ. സംഘടനയിൽ പ്രവർത്തിക്കുന്നവരിൽ വ്യത്യസ്‌ത പാർട്ടികളിൽ പെട്ടവരുണ്ട്. അതിൽ ഭൂരിഭാഗം പേരും സിപിഎം അനുഭാവികളാണ് എന്നേയുള്ളൂ. ഡി.വൈ.എഫ്.ഐയുടെ ഭരണഘടനയും സംവിധാനവും അംഗീകരിക്കുന്ന ആർക്കും ഈ പാർട്ടിയിലേക്കു കടന്നു വരാം. കെ.എസ്.യുവും യൂത്ത് കോൺഗ്രസും കോൺഗ്രസിന്റെ പോഷകസംഘടന ആകുന്നതു പോലെയല്ല ഡി.വൈ.എഫ്.ഐ. സിപിഎമ്മിന്റെ ഒരു ഭാഗമായി ഡി.വൈ.എഫ്.ഐയെ സമൂഹം വായിച്ചെടുക്കുന്നുവെന്നു മാത്രം' -റഹീ്ം പറഞ്ഞു.
പി.കെ.ശശി വിവാദത്തോടുള്ള ചോദ്യത്തിന് റഹീമിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു- 'ആ പരാതിയെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. ഞങ്ങളുടെ മുന്നിൽ ഒരു പരാതി വന്നാലല്ലേ ഞങ്ങൾക്ക് അതു പരിഹരിക്കാനാകൂ. വരാത്ത പരാതി എങ്ങനെയാണ് ഞങ്ങൾ പരിഹരിക്കുക. ഈ യുവതിക്ക് നീതി കിട്ടുന്നില്ല എന്നതാണ് വാർത്തകൾ സൃഷ്‌ടിച്ച പൊതുബോധം. യുവതിക്ക് നീതി കൊടുക്കേണ്ടത് അവർ പരാതി കൊടുത്ത പാർട്ടിയാണ്. എന്തിനാണ് ഞങ്ങൾ അതിനുത്തരം പറയുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല'- റഹീം പറഞ്ഞു.