pk-sasi

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ പീഡിപ്പിച്ച കേസിൽ പാർട്ടി നിർദ്ദേശിക്കുന്ന എന്ത് അച്ചടക്ക നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്ന് പി.കെ.ശശി എം.എൽ.എ പറഞ്ഞു. പാർട്ടി തന്റെ ജീവന്റെ ഭാഗമാണ്. എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുവതിക്കെതിരെ ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും എന്നാൽ ഫോണിലൂടെ അപമര്യാദയായി പെരുമാറിയത് നടപടി എടുക്കാവുന്ന കുറ്റമാണെന്നുമാണെന്നും അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. പാർട്ടിയിലെ വിഭാഗീയതയാണ് ശശിക്കെതിരായ പരാതിക്ക് പിന്നിൽ. അന്വേഷണ കമ്മിഷനിൽ അംഗമായ മന്ത്രി ബാലന്റെ ഈ വാദത്തോട് പി.കെ.ശ്രീമതി വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും വിവരമുണ്ട്.

അതിനിടെ ശശിക്കെതിരായ നടപടി ചർച്ച ചെയ്യാൻ ഇന്ന് തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുകയാണ്. വിഷയത്തിൽ ശശി നൽകിയ വിശദീകരണക്കുറിപ്പും യോഗം ചർച്ച ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്‌ച ഈ വിഷയം ചർച്ച ചെയ്യാൻ മാത്രം ചേരുന്നെന്ന് കരുതിയ സി.പി.എം സംസ്ഥാനകമ്മിറ്റി യോഗം പക്ഷേ, കാര്യത്തിലേക്ക് കടക്കാതെ ഒരു മണിക്കൂർ കൊണ്ട് പിരിഞ്ഞിരുന്നു. സാങ്കേതിക പ്രശ്നമുണ്ടെന്നും അതിനാൽ തിങ്കളാഴ്ച പരിഗണിക്കാമെന്നും കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പറഞ്ഞു. ഇരു ഭാഗത്തെയും തൃപ്തിപ്പെടുത്തുന്ന ചില നടപടികൾക്കാണ് സാദ്ധ്യത. പാർട്ടി തലത്തിൽ ശശിയെ തരംതാഴ്‌ത്തുമെന്നാണ് അഭ്യൂഹം. അതിനിടെ ശശിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ കേന്ദ്രകമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്.