കണ്ണൂർ: എൻ.ഡി.എഫ് പ്രവർത്തകൻ ഫസലിന്റെ വധവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി ഉപാധികളില്ലാതെ ജാമ്യം അനുവദിച്ചു.
എന്നാൽ ശബരിമലയിൽ നിന്നും അറസ്‌റ്റ് ചെയ്‌ത സുരേന്ദ്രനെതിരെ പൊലീസ് നിരവധി കേസുകൾ ചുമത്തിയിട്ടുള്ളതിനാൽ പുറത്തിറങ്ങുന്നത് വൈകുമെന്നാണ് നിയമ വൃത്തങ്ങൾ നൽകുന്ന സൂചന. ചിത്തിര ആട്ടവിശേഷ സമയത്ത് 52കാരിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് വധശ്രമക്കുറ്റം ചുമത്തിയിട്ടുള്ളതിനാലാണ് പുറത്തിറങ്ങാൻ കഴിയാത്തത്. ഫെബ്രുവരി 14ന് കേസിൽ വീണ്ടും ഹാജരാകണമെന്നും കോടതി സുരേന്ദ്രനോട് നിർദ്ദേശിച്ചു.
അതേസമയം, സർക്കാരിന്റേത് കടുത്ത മനുഷ്യാവകാശ ലംഘന നടപടികളാണെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. കോഴിക്കോട് ജയിലിന് മുന്നിൽ ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസലിനെ കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ് പ്രവർത്തകനെ ചോദ്യംചെയ്ത ഡിവൈ.എസ്.പിമാരെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സുരേന്ദ്രനെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കാനായി രാവിലെ പുറപ്പെടുംമുമ്പാണ് ജയിലിന് മുന്നിൽ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിച്ചത്.
മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും പേരിലുള്ള കേസുകൾ എഴുതിത്തള്ളുമ്പോഴാണ് ബി.ജെ.പിക്കാർക്കെതിരെ കള്ളക്കേസുകൾ പൊലീസ് എടുക്കുന്നത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇത്ര ഭീരുക്കളാണോ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ കേന്ദ്രമന്ത്രി വേണുഗോപാലിനുമെതിരെ ഒരു സ്ത്രീ നേരിട്ട് ബലാത്സംഗ പരാതി നല്കിയിട്ടുപോലും കേസെടുക്കാത്ത പൊലീസാണിത്. മനുഷ്യാവകാശ പ്രവർത്തകരും മാദ്ധ്യമപ്രവർത്തകരും ഇത് പരിശോധിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. കൊട്ടാരക്കര സബ് ജയിലിൽ നിന്ന് സുരേന്ദ്രനെ ഇന്നലെ രാത്രിയോടെയാണ് കോഴിക്കോട് സബ് ജയിലിലെത്തിച്ചത്.