തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജി എം.എൽ.എയുടെ നിയമസഭാംഗത്വം റദ്ദായതായി നിയമസഭാ സെക്രട്ടറി അറിയിച്ചു. നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് നിയമസഭാ സെക്രട്ടറി വി.കെ.ബാബുപ്രകാശ് പ്രത്യേക ബുള്ളറ്റിലൂടെ കെ.എം.ഷാജിയുടെ അംഗത്വം റദ്ദാക്കിയതായി അറിയിച്ചത്. ഇതോടെ സമ്മേളനത്തിൽ കെ.എം.ഷാജിക്ക് പങ്കെടുക്കാനാവില്ലെന്ന് ഉറപ്പായി.
തിരഞ്ഞെടുപ്പ് ഹർജിയിൻമേൽ 9-11-2018നാണ് കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. എന്നാൽ ഈ ഉത്തരവിന്റെ പ്രാബല്യം 23-11-2018 വരെ ഹൈക്കോടതി തന്നെ സ്‌റ്റേ ചെയ്‌തിരുന്നു. തുടർന്ന് ഹൈക്കോടതിയോ സുപ്രീം കോടതിയോ പ്രസ്‌തുത സ്‌റ്റേ നീട്ടിക്കൊടുക്കുകയുണ്ടായില്ല. ഈ സാഹചര്യത്തിൽ 24-11-2018 മുതൽ കെ.എം.ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നുവെന്നും ബുള്ളറ്റിനിൽ പറയുന്നു.