''അയ്യോ..'
മാലിനി നിലവിളിച്ചുകൊണ്ട് പിന്നോട്ടു മാറി.
മൂന്നു പാളികളുള്ള ജനൽ ആയിരുന്നു അത്.
ബാക്കി രണ്ടെണ്ണത്തിന്റെ ഗ്ലാസുകൾ കൂടി അയാൾ അടിച്ചുതകർത്തു. കുറച്ചു ഭാഗങ്ങൾ ചിതറി മുറിക്കുള്ളിലേക്കും വീണു.
''നിന്റെ ഭർത്താവും മക്കളുമിപ്പോൾ കുമ്പനാട്ടാണെന്ന് എനിക്കറിയാം. പ്രസ്സിന് തീയിട്ടത് ഞാനാ. എന്റെ വരവ് ഇവിടെക്കൂടി ഒന്ന് അറിയിക്കണമെന്നു തോന്നി. അവര് വരുമ്പം മറക്കാതെ പറഞ്ഞേക്കണം സ്പാനർ മൂസ വിരുന്നു വന്നെന്ന്.'
ഒരു വഷളൻ ചിരിയോടെ മൂസ തിരിഞ്ഞു. സ്പാനർ കൈവെള്ളയിലിട്ട് കറക്കിക്കൊണ്ട് പോയി സുമോയിൽ കയറി.
ഇടിമിന്നൽ പോലെ സുമോ പിന്നോട്ടെടുത്തു. മുറ്റത്തിരുന്ന ഏതാനും പൂച്ചട്ടികൾ ബിസ്‌ക്കറ്റ് കഷണങ്ങൾ കണക്കെ ചിതറി. പിൻചക്രങ്ങൾക്കടിയിൽ ചെടികളെ ഞെരിച്ചമർത്തി സുമോ പാഞ്ഞുപോയി...
വാസുദേവനും മക്കളും മടങ്ങിവന്നപ്പോൾ രണ്ടു മണി കഴിഞ്ഞു.
മുറ്റത്തേക്കു കയറിയതേ പൊട്ടിക്കിടക്കുന്ന പൂച്ചട്ടികളും ചെടികളും കണ്ടു. അവർക്ക് ആപത്ത് മണത്തു.
''മാലിനീ...' എന്ന് ഉറക്കെ വിളിച്ചുകൊണ്ട് വാസുദേവൻ സിറ്റൗട്ടിലേക്ക് ഓടിക്കയറി.
അവിടെ തകർന്ന ജനാലകളും പൊടുന്നനെ കണ്ണിൽപ്പെട്ടു...
''മാലിനീ... ' അയാളുടെ അടുത്ത വിളിയിൽ ഭീതി തിങ്ങി.
വാതിൽ തുറക്കപ്പെട്ടു.
മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് മാലിനി...
''വാസുവേട്ടാ...' അവർ അയാളുടെ ശരീരത്തിലേക്കു വീണു.
''എന്താ... എന്താ പറ്റിയത്?'
''അയാൾ.... സ്പാനർ മൂസ....'
മാലിനിക്ക് വാക്കുകൾ കിട്ടിയില്ല.
പിന്നാലെ ഓടിയെത്തിയ അനൂപും വിജയയും സ്തബ്ധരായി പരസ്പരം നോക്കി.
പകയോടെ വിജയ ഫോണെടുത്ത് ആർക്കോ ഒരു കോൾ അയച്ചു.
അപ്പുറത്ത് അറ്റന്റു ചെയ്യപ്പെട്ടു.
''അവർ കാര്യം പറഞ്ഞു. പിന്നെ അറിയിച്ചു:
''മൂസയെ പിടിച്ച് എസ്.പി സാറിന് മുന്നിൽ ഹാജരാക്കും മുൻപ് എനിക്കൊന്ന് വേണം. അവന്റെ കയ്യും കാലും തല്ലിയൊടിക്കാൻ. ഇനി അവൻ രണ്ടു കാലിൽ നടക്കുകയോ സ്പാനർ ഉയർത്തുകയോ ചെയ്തുകൂടാ...'
മറുപടിക്ക് കാക്കാതെ അവൾ കാൾ മുറിച്ചു.
അപ്പോൾ വാസുദേവൻ, മാലിനിയെ താങ്ങിപ്പിടിച്ചുകൊണ്ട് അകത്തേക്ക് നടന്നു കഴിഞ്ഞിരുന്നു.
അടുത്ത ദിവസം.
കോഴഞ്ചേരി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം കുമ്പനാട്ടെത്തി. കത്തിയെരിഞ്ഞ പ്രസ്സിനരുകിൽ പരിശോധന നടത്തി എഫ്.ഐ.ആർ തയ്യാറാക്കി.
സ്പാനർ മൂസയാണ് അതു ചെയ്തതെന്ന് വാസുദേവൻ തീർത്തു പറഞ്ഞു.
സി.ഐ, വാസുദേവനിൽ നിന്ന് ഒരു ഡീറ്റയിൽഡ് കംപ്ലയിന്റ് എഴുതി വാങ്ങി...
ആ നേരത്ത് പത്തനംതിട്ടയിൽ....
മുൻ ആഭ്യന്തരമന്ത്രി രാജസേനൻ സ്പാനർ മൂസയെ മറ്റൊരു ജോലി കൂടി ഏല്പിക്കുകയായിരുന്നു.
''ഡിവൈ.എസ്.പി മനുശങ്കർ ഇനി ഈ ഭൂമിയിൽ വേണ്ട മൂസേ. തമിഴ്നാട്ടിലും കേരളത്തിലും അയാളെ തിരയുകയാണ് പൊലീസ്. ഈ നാട്ടിൽ നിന്ന് അയാളെ അവർ പിടിച്ചാൽ സ്വാഭാവികമായും എന്റെ പേരുകൂടി മീഡിയക്കാർ അതിലേക്കു വലിച്ചിഴയ്ക്കും.
പിന്നെ ഇൻവെസ്റ്റിഗേഷൻ മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞ് അവന്മാർ എന്റെയും മനുശങ്കറുടെയും ഭൂതകാലം മാന്തി പുറത്തിടും. ഇപ്പഴത്തെ അവസ്ഥയിൽ അങ്ങനെയൊരു പേരുദോഷം എനിക്ക് കുഴപ്പമുണ്ടാക്കും.'
സ്പാനർ മൂസ മൂളിക്കേട്ടു.
''ചോദിക്കുന്നതു കൊണ്ട് മറ്റൊന്നും വിചാരിക്കല്ലേ സാറേ.... കണ്ടിടത്തോളം ഈ മനുശങ്കർ ഒരു കുറുക്കനാണെന്ന് എനിക്കു തോന്നി. എന്താ അയാളുടെ ഭാഗത്തുനിന്ന് മറ്റ് ഭീഷണി വല്ലതും?'
അത്ഭുതത്തോടെ രാജസേനൻ മൂസയെ നോക്കി.
''നിനക്കങ്ങനെ തോന്നാൻ കാരണം?'
മൂസ ചിരിച്ചു:
''ഇന്നലെയും ഇന്നും ഒന്നുമല്ലല്ലോ സാറേ ഞാൻ ഈ പണിക്കിറങ്ങിയത്. ചുമ്മാതെ ആരും ഒരു ക്വട്ടേഷൻ തരാറുമില്ല. സാറ് നേരത്തെ പറഞ്ഞ കാരണം മാത്രമല്ല മനുശങ്കറെ ഇല്ലാതാക്കാൻ തീരുമാനിച്ചതിനു പിന്നിലെന്ന് എനിക്കറിയാം.'
രാജസേനൻ അയാളെ തുറിച്ചുനോക്കി.
''സാധാരണ നിന്നെപ്പോലെയുള്ളവർക്ക് ശക്തിയേ കാണൂ. ബുദ്ധി കുറവായിരിക്കും. പക്ഷേ നീ... എല്ലാം ഒത്തിണങ്ങിയവൻ തന്നെ.'
മൂസ മറുപടി നൽകും മുൻപ് ഡിവൈ.എസ്.പി മനുശങ്കറുടെ ഫോൺ കാൾ രാജസേനനെ തേടിയെത്തി... (തുടരും)