വാഷിംഗ്ടൺ: മുംബയ് ഭീകരാക്രമണത്തിൽ ഭീകരരെ പിടികൂടാൻ വിവരം നൽകുന്നവർക്ക് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചു. 5 മില്യൺ ഡോളർ(35 കോടിയിലധികം രൂപ) ആണ് പ്രതിഫലമായി പ്രഖ്യാപിച്ചത്. ഭീകരാക്രമണത്തിന്റെ പത്താം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രഖ്യാപനം. മുംബയിലെ വിവിധ സ്ഥലങ്ങളിലായി നടന്ന ആക്രമണത്തിൽ ആറ് അമേരിക്കൻ വിനോദ സഞ്ചാരികൾ അടക്കം 166പേർ കൊല്ലപ്പെട്ടിരുന്നു. ഈ ക്രൂരതയ്‌ക്ക് ഉത്തരവാദികളായ ലഷ്‌കർ ഇ തൊയ്ബയ്‌ക്കും അവരുടെ സഹസംഘടനകൾക്കും ഉപരോധം ഏർപ്പെടുത്താൻ പാക്കിസ്‌താനും മറ്റ് രാജ്യങ്ങളും തയ്യാറാകണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടു.
'ആക്രമണം നടന്ന് പത്ത് വർഷം കഴിഞ്ഞിട്ടും ആക്രമണം ആസൂത്രണം ചെയ്‌തവരെ ശിക്ഷിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ജീവൻ നഷ്‌ടപ്പെട്ടവരോട് കാണിക്കുന്ന അനീതിയാണ്. ആക്രമണത്തിന്റെ പത്താം വാർഷികത്തിൽ ഇന്ത്യൻ ജനതയ്‌ക്കും മുംബയ് നഗരത്തിനും അമേരിക്കൻ ഭരണകൂടത്തിന്റെയും, അമേരിക്കൻ ജനതയുടെയും പേരിൽ ഐക്യദാർഢ്യം അറിയിക്കുന്നു. പൈശാചികമായ ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരുടെ വേദനയിൽ പങ്ക് ചേരുന്ന'തായും മൈക്ക് പോംപിയോ പറഞ്ഞു.
അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗമായ സ്റ്റേറ്റ് റിവാഡ്‌സ് ഫോർ ജസ്റ്റിസ് (ആർ.എഫ്.ജെ) ആണ് തുക പ്രഖ്യാപിച്ചിട്ടുള്ളത്. 2008ലാണ് മുംബയ് ഭീകരാക്രമണം നടന്നത്. ലഷ്‌കർ ഈ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞിരുന്നെങ്കിലും ഇതിന്റെ ആസൂത്രകരെ ആരെയും പിടികൂടാനോ ശിക്ഷിക്കാനോ സാധിച്ചില്ല. കടൽ കടന്നെത്തിയ 10 ലഷ്‌കർ ഭീകരരാണ് 26/11 എന്നറിയപ്പെടുന്ന ആക്രമണത്തിൽ പങ്കെടുത്തത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും സജീവവുമായ ഇസ്ലാമിക തീവ്രവാദ സംഘടനകളിലൊന്നാണ് ലഷ്കർ ഇ തൊയ്ബ.