sabarimala
സന്നിധാനത്ത് കഴിഞ്ഞ ദിവസം നടന്ന നാമജപം, ചിത്രം അജയ് മധു

ശബരിമല: പമ്പയിലെ നിയന്ത്രണങ്ങൾ നീക്കിയതോടെ തീർത്ഥാടനം ഏറെക്കുറെ സുഗമമായെങ്കിലും ഒാരോ ദിവസവും സന്നിധാനത്ത് നടന്നുവരുന്ന നാമജപം പൊലീസിന് തലവേദനയാകുന്നു. ദിവസവും രാത്രി പത്തോടെ ആരംഭിക്കുന്ന നാമജപം നട അടയ്ക്കുന്നതോടെയാണ് അവസാനിക്കുന്നത്. ഇന്നലെയും രാത്രി പത്തോടെ നൂറ്റൻപതോളം വരുന്ന ഭക്തർ മാളികപ്പുറം ക്ഷേത്രത്തിന് മുന്നിൽ താഴെ മുറ്റത്ത് നാമജപം നടത്തി. നട അടച്ചശേഷമാണ് ഇവർ പിരിഞ്ഞത്.

പൊലീസ് അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരുന്ന വാവര് നടയ്ക്ക് മുന്നിൽ ശനിയാഴ്ച രാത്രി ഒാർക്കാപ്പുറത്ത് ഒരുസംഘം ഭക്തർ നാമജപം നടത്തിയത് പൊലീസിനെ അമ്പരപ്പിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് പറ്റിയ വീഴ്ചയായാണ് ഇതിനെ വിലയിരുത്തുന്നത്. തുടർന്ന് ഇന്നലെ രാത്രി ഇൗ മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. അറസ്റ്റ് ചെയ്യുന്നതിൽ തീരുന്നില്ല പൊലീസിന്റെ തലവേദന. ഇത്രയും പേരെ സുരക്ഷിതമായി പമ്പയിൽ എത്തിക്കണം. എസ്.പിമാർ ഉൾപ്പെടെയുള്ളവർ ഇവരുമായി മലയിറങ്ങി പമ്പ പൊലീസിന് കൈമാറിയിട്ടുവേണം വീണ്ടും തിരിച്ച് മലകയറാൻ. ഇത് രണ്ടാം തവണയാണ് നാമജപം നടത്തിയവരെ അറസ്റ്റ് ചെയ്ത് പമ്പയിൽ കൊണ്ടുപോകേണ്ടിവന്നത്.

sabarimala
സന്നിധാനത്ത് ഇന്ന് അനുഭവപ്പെട്ട തിരക്ക്

തീർത്ഥാടകർ തികഞ്ഞ സംതൃപ്തിയോടെയാണ് അയ്യപ്പദർശന ശേഷം മലയിറങ്ങുന്നത്. മണ്ഡലകാല തീർത്ഥാടന ചരിത്രത്തിൽ ഇതാദ്യമായിരിക്കും യാതൊരു കാത്തുനിൽപ്പുമില്ലാതെ മലകയറി ദർശനം നടത്തിപോകാൻ കഴിയുന്നത്. ഇതോടെ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. നാമജപത്തിൽ നിന്ന് പിൻമാറേണ്ടെന്ന തീരുമാനത്തിലാണ് സംഘപരിവാർ സംഘടനകൾ. എതു സാഹചര്യത്തെയും നേരിടാൻ തയ്യാറായാണ് ഒരുസംഘം ഭക്തർ നിലകൊള്ളുന്നത്. ഇത് മുന്നിൽ കണ്ട് പൊലീസും വലിയ നടപടികൾക്ക് മുതിരാതെ ഒഴിഞ്ഞു മാറുകയാണ്. ശനിയാഴ്ച രാത്രിയിൽ അറസ്റ്റിലായവരെ മണിയാർ പൊലീസ് ക്യാമ്പിൽ കൊണ്ടുപോയി കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടയച്ചതിനൊപ്പം പുലർച്ചയോടെ വാഹനസൗകര്യമുള്ള വടശേരിക്കരയിൽ എത്തിക്കുന്നതിനും പൊലീസ് തയ്യാറായി.