-ramesh-chennithala

തിരുവനന്തപുരം: കള്ളക്കടത്ത് നിരോധനക്കേസിലെ പ്രതിയെ വീട്ടുതടങ്കലിലാക്കരുതെന്ന് കാണിച്ച് എം.എൽ.എമാരായ കാരാട്ട് റസാഖും. പി.ടി.എ. റഹിമും ആഭ്യന്തര വകുപ്പിന് നൽകിയ കത്ത് ഭരണകക്ഷി എം.എൽ.എമാർക്ക് കള്ളക്കടത്ത് മാഫിയയുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

പ്രമാദമായ കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ അബുലൈസിനെ കരുതൽ തടങ്കിലാക്കരുതെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയോടും സി.പി.എമ്മിനോടും ഏറെ അടുപ്പമുള്ള രണ്ട് ഇടത് എം.എൽ.എമാർ ആഭ്യന്തര വകുപ്പിന് കത്ത് നൽകിയത്. ഇത് രാജ്യ സുരക്ഷയെ ചോദ്യം ചെയ്യുന്നതും ദേശീയ താല്പര്യത്തിന് വിരുദ്ധവുമാണ്. മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേരള യാത്രക്കിടെ കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തിൽ സഞ്ചരിച്ചത് വിവാദമായിരുന്നു. ഇത്തരം മാഫിയാസംഘങ്ങളുമായുള്ള കേരളത്തിലെ സി.പി.എം നേതാക്കളുടെയും ഭരണകക്ഷി എം.എൽ.എമാരുടെയും ബന്ധത്തെക്കുറിച്ച് ദേശീയ സുരക്ഷ ഏജൻസികൾ അന്വേഷിക്കണം.

ഈ എം.എൽ.എമാരിൽ ഒരാളുടെ മകനെയും മരുമകനെയും ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സൗദിയിൽ തടങ്കലിൽ വച്ചിരിക്കുകയാണ്. കേരളത്തിലെ ഭരണകക്ഷി എം.എൽ.എമാർക്കും അവരുടെ കുടംബാംഗങ്ങൾക്കും രാജ്യാന്തര കള്ളക്കടത്ത് മാഫിയയുമായി ബന്ധമുണ്ടെന്ന വാർത്തകൾ പുറത്ത് വരുന്നത് ആശങ്കാജനകമാണ്. ഭരണത്തിന്റെ തണലിൽ രാജ്യന്തര മാഫിയകൾക്ക് അഴിഞ്ഞാടാനുള്ള അവസരമാണ് സി.പി.എം ഉണ്ടാക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.