കോട്ടയം: വീട്ടുമുറ്റത്തിരുന്ന് ചുമച്ച വയോധികന്റെ തല കഞ്ചാവ് ലഹരിയിൽ യുവാവ് അടിച്ചുപൊട്ടിച്ചു. തൃക്കൊടിത്താനം അരമലക്കുന്ന് രാജീവ് ഗാഡി കോളനിയിൽ രാജപ്പന്റെ (72) തലയാണ് അടിച്ചുപൊട്ടിച്ചത്. സംഭവത്തിൽ നിരവധി അടിപിടിക്കേസ് പ്രതിയും ഇതേ കോളനിയിലെ താമസക്കാരനുമായ സി.എൻ അഭിജിത്തിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം.
സ്വന്തം വീടിന് മുന്നിലിരിക്കുകയായിരുന്നു രാജപ്പൻ. ഈ സമയം അഭിജിത്ത് റോഡിലൂടെ നടന്നു പോകുകയായിരുന്നു. വീടിനു മുന്നിലിരുന്ന് രാജപ്പൻ ചുമച്ചു. ഇത് ഇഷ്ടപ്പെടാതെ വന്നതോടെ അഭിജിത്ത് കമ്പിവടിയുമായി പാഞ്ഞുചെന്ന് രാജപ്പനെ ആക്രമിക്കുകയായിരുന്നു. തലയിലും പുറത്തും അടിയേറ്റ് നിലത്ത് വീണ രാജപ്പനെ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ പ്രതി സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് സംഘം രാത്രി വൈകി നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. നിരവധി അടിപിടിക്കേസുകളിലെ പ്രതിയാണ് അഭിജിത്ത് എന്ന് പൊലീസ് പറഞ്ഞു.