തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവർത്തകയായ യുവതിയുടെ പീഡന പരാതിയിൽ പി.കെ.ശശി എം.എൽ.എയെ സി.പി.എം സസ്‌പെൻഡ് ചെയ്‌തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്. ഇന്നുചേർന്ന പാർട്ടി സംസ്ഥാനകമ്മിറ്റിയാണ് തീരുമാനമെടുത്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണൂർ എം.എൽ.എയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കൂടിയായ ശശിയെ തരംതാഴ്‌ത്തുമെന്നാണ് സൂചനകളുണ്ടായിരുന്നതെങ്കിലും സസ്‌പെൻഷൻ എന്ന കടുത്ത നടപടിയിലേക്ക് സി.പി.എം എത്തുകയായിരുന്നു.
അതേസമയം, പെൺകുട്ടിയുടെ ലൈഗികാരോപണമെന്ന പരാതി അന്വേഷണ കമ്മിഷൻ പൂർണമായും തള്ളി. പകരം ഫോണിലൂടെ അപമാനിച്ചെന്ന കാരണത്തിനാണ് ശശിക്കെതിരെ നടപടി എടുത്തത്. എന്നാൽ സസ്‌പെൻഷൻ നടപടി ശശിയുടെ എം.എൽ.എ പദവിക്ക് വിഘാതം സൃഷ്‌ടിക്കില്ലെന്നാണ് സി.പി.എം വിലയിരുത്തൽ. മാത്രമല്ല നാളെ മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ പ്രതിരോധിക്കാനും സർക്കാരിന് കരുത്തേകും.
മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതിയുമടങ്ങുന്ന കമ്മിഷനാണ് ലൈംഗിക പീഡന പരാതി അന്വേഷിച്ചത്. പരാതിക്കാരിയായ യുവതി നിലപാടിൽ ഉറച്ചുനിന്ന സാഹചര്യത്തിൽ കടുത്ത നടിപടി തന്നെ അനിവാര്യമാണെന്ന തീരുമാനത്തിൽ കമ്മിഷൻ എത്തുകയായിരുന്നു. ഒരു പാർട്ടി പ്രവർത്തകയോട് പാർട്ടി നേതാവിന് യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷനെന്ന് സി.പി.എം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഈ തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി നടപ്പാക്കുമെന്നും വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തു. മൂന്ന് മാസം മുമ്പാണ് ശശിക്കെതിരായ പരാതി പാർട്ടിക്കുള്ളിൽ ഭൂകമ്പം സൃഷ്ടിച്ചത്. പാർട്ടി കേന്ദ്ര നേതൃത്വത്തിനടക്കം പോയ പരാതിയിലാണ് ഒടുവിൽ സി.പി.എം തീരുമാനമെടുത്തത്.