മുംബയ്: വിദേശികൾ ഉൾപ്പെടെ 166പേരുടെ ജീവൻ നഷ്ടപ്പെടുകയും 600ലേറെ പേർക്ക് പരിക്കേൽക്കുകയുംചെയ്ത മുംബയ് ഭീകരാക്രമണത്തിന് ഇന്ന് 10 വയസ്. 2008 നവംബർ 26ന് രാത്രി കടൽവഴി ബോട്ടിൽ ദക്ഷിണ മുംബയിലെ ബുധ്വാർപേട്ടിൽ വന്നിറങ്ങിയ, പാകിസ്ഥാൻ ആസ്ഥാനമായ 10 ലഷ്കറെ ത്വയ്യിബ ഭീകരരാണ് 62 മണിക്കൂറോളം രാജ്യത്തെ മുൾമുനയിൽ നിർത്തിയത്. ഇവർ താജ്, ട്രൈഡന്റ് നക്ഷത്ര ഹോട്ടലുകൾ, ലിയൊപോൾഡ് കഫെ, സി.എസ്.ടി റെയിൽവേ സ്റ്റേഷൻ, കാമ ഹോസ്പിറ്റൽ, ജൂത കേന്ദ്രമായ നരിമാൻ ഹൗസ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുകയും വില്ല പാർലെയിലും വാഡിബന്ദറിലും ടാക്സികളിൽ സ്ഫോടനം നടത്തുകയും ചെയ്തു.
ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ദേശീയ സുരക്ഷ സേനയിലെ മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ വിഭാഗം മേധാവി ഹേമന്ത് കർകറെയും അടക്കം ഏതാനും സൈനിക, പൊലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഒമ്പത് പാക് ഭീകരരെ വധിച്ച പൊലീസ് അജ്മൽ കസബിനെ പിടികൂടി. 2010 മേയ് ആറിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ച കസബിനെ 2012 നവംബർ 21ന് പുലർച്ചെ പുനെ യേർവാഡ ജയിലിൽ തൂക്കിലേറ്റി. മൂന്ന് ഇന്ത്യക്കാരുൾപ്പെടെ 37 പേർക്കാണ് കുറ്റപത്രം നൽകിയത്.