തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ പി.കെ.ശശി എം.എൽ.എയ്‌ക്കെതിരെ സി.പി.എം സ്വീകരിച്ച നടപടി കൂടിപ്പോയെന്ന പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ രംഗത്തെത്തി. പണ്ട് വിവാദ പരാമർശത്തിന്റെ പേരിൽ എം.എം.മണിയെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തിരുന്നു. പിന്നീട് അദ്ദേഹത്തെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരികയാണ് സി.പി.എം ചെയ്‌തിരിക്കുന്നത്. ഇത് തന്നെ ശശിയുടെ കാര്യത്തിലും പ്രതീക്ഷിക്കാമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
യുവതിയുടെ പരാതിയിൽ ആരോപിച്ചിരുന്ന പീഡന ആരോപണം തെളിയിക്കാനായില്ലെന്നും എന്നാൽ ഫോണിലൂടെ അപമര്യാദയായി പെരുമാറിയത് ശിക്ഷാർഹമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്. ദൈവവും വിശ്വാസവും ഇല്ലെന്ന് വാദിക്കുന്ന സി.പി.എം സ്ത്രീകൾക്ക് നൽകുന്ന പരിഗണന എന്താണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്ന് ജയശങ്കർ കളിയാക്കി. പാവപ്പെട്ട പെൺകുട്ടികൾക്ക് ഡി.വൈ.എഫ്.ഐ പോലൊരു പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ ആകില്ലെന്ന സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.